Movie

മലയാളിക്ക് ഭാവരാഗങ്ങളുടെ ഋതുപ്പെയ്ത്ത് സമ്മാനിച്ച താരരാജകുമാരന്, മോഹൻലാലിന് ഇന്ന് പിറന്നാൾ

ജിതേഷ് മംഗലത്ത്

   ലാലിനെക്കുറിച്ച് എപ്പോഴൊക്കെ എഴുതാറുണ്ട്…? കൃത്യമായൊരുത്തരമില്ല എന്നതാണ് സത്യം. ഓർക്കുമ്പോഴൊക്കെ എഴുതാറുണ്ട്. കാക്കത്തൊള്ളായിരം വട്ടം കണ്ടുശീലിച്ച നിമിഷങ്ങളോരോ തവണ പുനർസന്ദർശനം നടത്തുമ്പോൾ ലഭിക്കുന്ന പുതുമകളെ, വജ്രക്കഷണങ്ങളെ കണ്ടുകിട്ടുന്ന ദിവസങ്ങളിലൊക്കെയും എഴുതാറുണ്ട്. എഴുതാനൊന്നുമില്ലാതെ വലയുന്ന ദിവസങ്ങളിൽ കണ്ണൊന്നടയ്ക്കുമ്പോൾ അക്ഷരപ്രവാഹവുമായി ആ മുഖം ഓർമ്മയുടെ സിരാപടലങ്ങളെ നനയ്ക്കാറുണ്ട്. മലയാളികളുടെ ലാലേട്ടന്റെ, മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്…!

മോഹൻലാൽ…!
എത്രയൊക്കെ എതിർത്താലും, എത്രയൊക്കെ എഴുതിത്തള്ളിയാലും ലാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. ഇടയ്ക്കു ചിന്തിക്കാറുണ്ട്, ആയിരക്കണക്കിന് അഭിനേതാക്കൾ അരങ്ങു തകർത്തിട്ടുള്ള നമ്മുടെ ചലച്ചിത്ര മേഖലയിൽ ലാലിനുമാത്രം ലഭിക്കുന്ന, ലഭിച്ചിട്ടുള്ള ലാളനയ്ക്ക് കാരണമെന്തായിരിക്കും?
ഉത്തരങ്ങളിലൊന്ന് ആ പേര് തന്നെയാണ്. ലകാരത്തിന്റെ ഇരട്ടിപ്പിൽ ചേർക്കപ്പെടുന്ന മോഹന ഭാവത്തിലാണ് ആ നടന്റെ പേര് അടയാളപ്പെടുന്നത്. ലാൽ എന്ന, പ്രത്യക്ഷത്തിൽ യാതൊരു മലയാളിത്ത ഭാവവും പേറാത്ത ഒരു വാക്ക് ഏറ്റവും പ്രിയതരരാഗങ്ങളിലൊന്നിനോട് ചേരുമ്പോൾ ലഭിക്കുന്ന കോൺട്രാസ്റ്റിലാണ് മോഹൻലാലെന്ന നാമം സുന്ദരമാകുന്നത്.

മറ്റൊരു അഭിനേതാവിനും ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ലാലിനെ മലയാളികളുടെ ‘എക്സ്ക്ലൂസിവിറ്റി’യിലേക്ക് പ്രതിഷ്ഠിക്കുന്ന മറ്റൊരു ഘടകം അയാളിൽ അടിമുടി നിറഞ്ഞു നിൽക്കുന്ന മലയാളിത്തമാണ്. മമ്മൂട്ടി ഉൾപ്പടെയുള്ള മറ്റ് നടന്മാർക്കൊക്കെ മറ്റേതൊരു ഭാഷാ സിനിമയിലും തദ്ദേശവാസിയെന്നു തോന്നിപ്പിക്കാൻ സാധിക്കുമെങ്കിൽ ഈ മനുഷ്യന്റെ കാര്യത്തിൽ അതങ്ങനെയല്ല. അയാളുടെ സ്വത്വം മലയാളിയുടേതാണ്; ശരീരഭാഷയിലുമതെ അതു പ്രസരിപ്പിക്കുന്ന ഭാവപ്രകാശനങ്ങളിലും അതെ.

നാല് ദശാബ്ദക്കാലങ്ങളായി മലയാളി സൈക്കി അഭിരമിക്കുന്ന പ്രൊഫൈലുകളിലൊന്ന് ലാലിന്റേതാകുമ്പോൾ അതിനു പുറത്തൊരു ജീവിതമില്ലെന്ന രീതിയിൽ ലാൽ അതിനെ കോംപ്ലിമെന്റ് ചെയ്യുന്നു. കൽപറ്റ നാരായണൻ നിരീക്ഷിക്കുന്നതു പോലെ ലാൽ, കഥാപാത്രങ്ങളിൽ നിന്ന് പുറത്തേക്ക് തുളുമ്പും. അസന്ദിഗ്ദ്ധമാണ് ലാലിന്റെ സന്ദിഗ്ദ്ധമായ ലാലത്തം. ഏതു കഥാപാത്രവും അയാൾക്കു വഴങ്ങും; പക്ഷേ ലാൽ ഒരു കഥാപാത്രത്തിനും വഴങ്ങില്ല.

മോഹൻലാലിന്റെ കഥാപാത്രങ്ങൾ മിക്കതും ട്രാൻസിഷനുകളുടെ ഛായ പേറുന്നവരാണ്. മമ്മൂട്ടിയുടെ കരിയറിലുള്ളതുപോലെ പെർഫക്ടായ കഥാപാത്രങ്ങളെ ലാലിൽ കണ്ടെത്തിയെന്നു വരില്ല. എന്തോ ആയിത്തീരാനുള്ള യാത്രയാണ് പലപ്പോഴും ലാൽ കഥാപാത്രങ്ങൾ. അതു ചിലപ്പോൾ പ്രതികാരപൂർത്തീകരണമാവാം (താഴ് വാരം), ഭൗതിക ജീവിതസാക്ഷാത്കാരമാകാം (നാടോടിക്കാറ്റ്), പ്രണയമാകാം(നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ) ഭാവസാക്ഷാത്കാരമാകാം (ദശരഥം).
തീരെ പ്രവചിക്കാനാവാത്ത പാറ്റേണുകളിലല്ല ലാലിന്റെ ഈ യാത്രകൾ എന്നതിലാണ് അതിന്റെ സൗന്ദര്യം കിടക്കുന്നത്. ഈയൊരു യാത്രയിൽ ലാലിന്റെ കഥാപാത്രങ്ങളും ലാലും ഒരു കുട്ടിയെ തന്നിൽ അവശേഷിപ്പിക്കുന്നുണ്ട്. ആ കുട്ടിയാണ്, ആ കുട്ടിത്തമാണ് ലാലിലേക്ക് മലയാളിയെ എന്നുമെല്ലായ്‌പ്പോഴും വലിച്ചടുപ്പിക്കുന്നതും.

പലരും നിരീക്ഷിക്കുന്നതു പോലെയും ചിലരൊക്കെ പരിഹസിക്കുന്നതു പോലെയും ശാരീരികമായി ‘തികഞ്ഞൊരു പുരുഷൻ’ അല്ല മോഹൻലാൽ. മാതൃകാനായകശരീരത്തിൽ നിന്നും വിട്ടുമാറിനിൽക്കുന്ന ഒട്ടനവധി അപൂർണ്ണതകളുടെ സങ്കലനമാണ് ആ രൂപം. സാമാന്യജനങ്ങളെ ഈ അപൂർണ്ണതയിൽ താദാത്മ്യപ്പെടുത്താനുള്ള ലാലിന്റെ ജന്മസിദ്ധമായ കഴിവാണ് അദ്ദേഹത്തെ മലയാളി കാമനകളുടെ ന്യൂമറോ യുനോ ആക്കുന്നത്. അതിനൊപ്പം സ്വതസിദ്ധമായ ശരീരവഴക്കം കൂടിയായപ്പോൾ ചേർച്ചയില്ലായ്മകൾ ചേർന്നുണ്ടാകുന്ന ചേർച്ചയിൽ ലാലിന്റെ ശരീരാപൂർണ്ണതകളിൽ മലയാളി കുഴഞ്ഞുവീണു.

മദ്ധ്യവയസ്സു പിന്നിട്ട ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം മോഹൻലാലെന്ന അഭിനേതാവിന്റെ കഥാപാത്രങ്ങളുടെ പ്രയാണം സ്വന്തം ജീവിതത്തിന്റെ തന്നെ ഒരു മിറർ റിഫ്ളക്ഷനാകുന്നുണ്ട്. അച്ചടക്കരഹിതമായ യൗവനാരംഭത്തെ ലാലിന്റ തുടക്കകാലത്തെ വില്ലൻ കഥാപാത്രങ്ങളിൽ ആ വ്യക്തി ദർശിച്ചിട്ടുണ്ട്. തൊഴിൽരഹിതനായി അയാൾ നിസ്സഹായതയുടെ വരണ്ട പാതകളിലൂടെ നടക്കുമ്പോൾ മതിൽപ്പുറങ്ങളിൽ ടി. പി.ബാലഗോപാലൻ എം.എ.യുടെയും, നാടോടിക്കാറ്റിന്റെയും പോസ്റ്ററുകൾ കണ്ടിട്ടുണ്ട്. അടങ്ങിയൊതുങ്ങി, ശാന്തമായി പ്രണയിക്കുന്നവരുടെ ജീവിതവിജയഗാഥകൾക്കിടയിൽ അയാൾ ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ റാം സിംങ് എന്ന സേതുവിന്റെ കഥയും, തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്റെ കഥയും കേട്ടിട്ടുണ്ട്. പെറ്റമ്മയുടെ കൺനീട്ടം തണലേകിയ വഴിത്താരകൾ വിട്ട്, പ്രണയിച്ചവളുടെ വിവാഹ യാത്രയും കണ്ട് ആ പാടവരമ്പത്തു കൂടി നടന്നകന്നത് അയാൾ കൂടിയായിരുന്നല്ലോ. അയാളുടെ തന്നെ യാത്രകളായിരുന്നു തോൾ ചെരിച്ച് മറ്റൊരു മനുഷ്യൻ അയാൾക്കു മുമ്പിലെ തിരശ്ശീലയിൽ നടന്നു തീർത്തത്. പകരം നൽകാൻ മലയാളികൾക്കുണ്ടായിരുന്നത് ഉപാധികളില്ലാത്ത സ്നേഹം മാത്രം. അവരത് അയാൾക്ക് നിർലോഭം നൽകിയിട്ടുമുണ്ട്.

എന്തുകൊണ്ട് മോഹൻലാൽ എന്ന ചോദ്യത്തിന് മോഹൻലാലല്ലാതെ മറ്റാര് എന്ന മറുചോദ്യമേ മനസ്സിൽ ഉയരാറുള്ളൂ. മറകളും, അകലങ്ങളുമില്ലാതെ അങ്ങേയറ്റം റിസപ്റ്റീവായി മാറുന്ന അഭിനയസങ്കേതവും, അതിന്റെ സുതാര്യവും ലളിതവുമായ ഭാവപ്രകാശനവും മറ്റാരിലും കാണാനാവില്ല. ഭരതനൊരിക്കൽ അഭിപ്രായപ്പെട്ടതുപോലെ ഇടഞ്ഞ താളത്തിൽ കൊണ്ടുനിറുത്തുമ്പോഴാണ് ലാലിന്റെ പൊട്ടൻഷ്യലും, ടെക്സ്ചറും കൂടുതൽ തെളിഞ്ഞു വരിക. താഴ്‌വാരത്തിൽ ഇത്തരത്തിൽ ഒരു ഇടഞ്ഞ താളത്തിലേക്കും, അപരിചിതമായൊരു സാഹചര്യത്തിലേക്കുമാണ് എം.ടി യും, ഭരതനും കൂടി ലാലിനെ ഇറക്കിവിടുന്നത്. ലഭിക്കുന്നത് അദ്ദേഹത്തിന്റെ ചൊൽക്കാഴ്ചകളുടെ ഏറ്റവും കോൺട്രാസ്റ്റിംഗ് ആയിട്ടുള്ള ടെക്സ്ചറുകളാണ്.

ഇനി ഇതൊന്നുമല്ലാതെ തന്നെ മോഹൻലാലിനോട് ലേഖകനു തോന്നുന്ന പ്രണയത്തിന് മറ്റൊരു കാരണവുമുണ്ട്. പ്രണയം താളാത്മകമായി പെയ്യുന്നത് കണ്ടിട്ടുള്ളത് ആ കണ്ണുകളിലാണ്, കേട്ടിട്ടുള്ളത് ആ ശബ്ദത്തിലും. ‘നൽകാൻ ആകെയുള്ളത് സ്നേഹം മാത്രമാണ് ‘ ക്ലൈമാക്സിൽ ലാൽ തിലകനോട് രേവതിയെപ്പറ്റി ഇങ്ങനെ പറഞ്ഞവസാനിപ്പിച്ച ശേഷമൊരു മാത്ര മൗനം തളം കെട്ടുന്നുണ്ടയാളിൽ. ആ നിശ്ശബ്ദതയാണ് പ്രണയത്തിന്റെ കിലുക്കം. മെയ് വഴക്കം മാത്രമല്ല ലാലിനുള്ളത് ; മിഴിവഴക്കം കൂടിയാണ്. ലാലെന്ന സങ്കൽപത്തെ, ആ സങ്കല്പത്തിന് നൽകുന്ന ദൃശ്യ-ശ്രാവ്യ ഭാഷ്യങ്ങളെ പ്രണയിച്ചു തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞിരിക്കുന്നു…? എന്നിട്ടും ലാലിനെ തിരശ്ശീലയിൽ കാണുമ്പോൾ പ്രണയം ഈയുള്ളവന്റെ കണ്ണുകളെയും, ഹൃദയത്തേയും നനച്ചു കൊണ്ടേയിരിക്കും; ആ മുഖരാഗത്തിൽ മുഗ്ദ്ധനായിക്കൊണ്ടേയിരിക്കും.

എന്നെ ഞാനാക്കിയ ഭാവരാഗങ്ങളുടെ ഋതുപ്പെയ്ത്തിനുടയോനേ, താങ്കൾക്കൊരായിരം പിറന്നാളാശംസകൾ…!

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: