KeralaNEWS

രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാര്‍; സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിപക്ഷം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്‌ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന് കിഴക്കേകോട്ടയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാറ്റൂര്‍വഞ്ചിയൂര്‍ വഴി പോകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദുര്‍ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെ യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നില്‍ സമരം ചെയ്യുകയാണ്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി ഇന്ന് പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനാണ് രണ്ടാം വര്‍ഷത്തെ സമാപനസമ്മേളനം നടക്കുക. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയില്‍ ജനങ്ങള്‍ക്കു മുന്‍പാകെ നല്‍കിയ വാഗ്ദാനങ്ങള്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കിയെന്നു വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

2023 ഏപ്രില്‍ ഒന്നിന് എറണാകുളത്ത് ആരംഭിച്ച വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് മെയ് 20ന് സമാപനമാകുന്നത്. വാര്‍ഷികത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പേരില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ‘എന്റെ കേരളം’ മേയ് 27 വരെ കനകക്കുന്നില്‍ നടക്കും.

Back to top button
error: