കൊച്ചി: കാക്കനാട് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് തലക്കുളത്തൂര്‍ കുനിയില്‍ സ്വദേശിനി കെ. വൈഷ്ണവി(22)യെയാണ് കാക്കനാട് ചെമ്പുമുക്ക് പാറക്കാട്ട് അമ്പലം എം.എല്‍.എ. റോഡിലെ അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനില്‍ അലക്‌സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 9.30-ഓടെ വാട്ടര്‍ മീറ്റര്‍ റീഡിങ്ങിന് എത്തിയ തൃക്കാക്കര ജല അതോറിറ്റി ജീവനക്കാരന്‍ ചന്ദ്രബോസാണ് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കരച്ചില്‍ കേട്ട് ഓടിയെത്തിയത്. വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുകയായിരുന്നു വൈഷ്ണവിയും അലക്‌സും. ചന്ദ്രബോസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര പോലീസ് സ്ഥലത്തെത്തി. വൈഷ്ണവി അപ്പോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു എന്ന് പോലീസ് പറഞ്ഞു. രക്തം വാര്‍ന്ന് അവശ നിലയിലായിരുന്ന അലക്‌സിനെ ഉടന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹൃത്തുക്കളായ ഇരുവരും മൂന്നാഴ്ച മുന്‍പാണ് ഈ അപ്പാര്‍ട്ട്മെന്റില്‍ താമസം തുടങ്ങിയതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
കൊച്ചിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു. വൈഷ്ണവി തൂങ്ങി മരിച്ചതിന്റെ മാനസിക സംഘര്‍ഷത്തിലാണ് താന്‍ ഞരമ്പ് മുറിച്ചത് എന്നാണ് അലക്‌സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. വൈഷ്ണവിയുടെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.