KeralaNEWS

സൈബർ കള്ളൻമാരുടെ ഏറ്റവും പുതിയ തട്ടിപ്പ്; കോഴിക്കോട് സിറ്റി പോലീസിന്റെ മുന്നറിയിപ്പ്

കോഴിക്കോട്:വലിയ കമ്പനികളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കോഴിക്കോട് സിറ്റി പോലീസ്.
പാർട് ടൈം ജോലി, വീട്ടിലിരുന്ന് വരുമാനം, മൊബൈൽഫോണും ഇന്റർനെറ്റും മാത്രമുണ്ടെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം തുടങ്ങി വ്യാജ സന്ദേശങ്ങൾ നിങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ഇൻസ്റ്റഗ്രാമിലും ലഭിച്ചിരിക്കാം. വ്യാജ വെബ്സൈറ്റുകളിലേക്ക് പ്രവേശിക്കാൻ ലിങ്കും ഇതിനോടൊപ്പം ഉണ്ടാകും.
ലിങ്ക് ക്ലിക്ക് ചെയ്യുന്ന സമയം രജിസ്ട്രേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു, കൂടാതെ വാട്സ് ആപ്പ് അല്ലെങ്കിൽ ടെലിഗ്രാം ഗ്രൂപ്പിലേക്ക് നിങ്ങളെ ചേർക്കുകയും ചെയ്യും.
പിന്നീട് ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത്, ഇതിൽ 200 രൂപ നിക്ഷേപിക്കാൻ നിർദ്ദേശിക്കുന്നു. 200 രൂപ നിക്ഷേപിക്കുമ്പോൾ നമുക്ക് 500 രൂപ പ്രതിഫലം ലഭിക്കും. നമ്മുടെ ബാങ്ക് എക്കൌണ്ടിൽ നിന്നും ഇത് പിൻവലിക്കാം. 200 രൂപ മുടക്കിയപ്പോൾ 500 രൂപ ലഭിച്ച നമ്മുടെ സന്തോഷം കള്ളൻമാർക്ക് എളുപ്പത്തിൽ വായിച്ചെടുക്കാം. തുടർന്ന് നമുക്ക് ടാസ്കുകൾ നൽകുന്നു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ രണ്ടുലക്ഷം പ്രതിഫലം ലഭിച്ചതായി ആപ്ലിക്കേഷനിൽ തെളിയും പിന്നേയും നമ്മളോട് നിക്ഷേപിക്കാൻ പറയും. ഓരോ തവണ നിക്ഷേപിക്കുമ്പോഴും ഇരട്ടിയോളം പ്രതിഫലം ലഭിച്ചതായി ആപ്പിൽ രേഖപ്പെടുത്തും.
ഇവിടെയാണ് തട്ടിപ്പ്. ഈ തുക നമുക്ക് പിൻവലിക്കാൻ കഴിയുകയില്ല. കടം വാങ്ങിയും നമ്മൾ പണം നിക്ഷേപിക്കും. പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിനുവേണ്ട ടാക്സ് തുകയും നമ്മളോട് അടക്കാൻ പറയും. അപ്പോൾ അതും നഷ്ടപ്പെടും.
ഇത്തരത്തിൽ പണം നഷ്ടപ്പെട്ടവരിൽ നിന്നുള്ള പരാതികൾ പോലീസ് സ്റ്റേഷനുകളില്‍ ലഭിക്കുന്നുണ്ട്. ഇത്തരം തട്ടിപ്പുകളോട് ജാഗ്രത പാലിക്കാൻ കോഴിക്കോട് സിറ്റി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
#kozhikodecitypolice
#kozhikodecitytrafficpolice
#kozhikode

Back to top button
error: