തൃശൂര്‍: ആര്‍.ഡി. ഏജന്റുമാര്‍ പോസ്റ്റോഫീസില്‍ അടയ്ക്കാന്‍ നല്‍കിയ പണവുമായി ഇതര സംസ്ഥാനക്കാരനായ പോസ്റ്റല്‍ അസിസ്റ്റന്റ് കടന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പഴഞ്ഞി പോസ്റ്റോഫീസിലെ പോസ്റ്റല്‍ അസിസ്റ്റന്റായ ബിഹാര്‍ സ്വദേശി കുശാഗ്ര അഗര്‍വാള്‍ (24) ആണ് രണ്ട് ലക്ഷം രൂപയുമായി കടന്നത്.
നാലുപേര്‍ നല്‍കിയ പണവുമായിട്ടാണ് ഉദ്യോഗസ്ഥന്‍ മുങ്ങിയത്. ആറ് മാസമായി പഴഞ്ഞി പോസ്റ്റോഫീസിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഏജന്റുമാരില്‍നിന്ന് പണമടയ്ക്കുന്നവരുടെ ലിസ്റ്റുകളും പണവും വാങ്ങി പുറത്ത് പോയിവരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു.
ബൈക്കിന്റെ താക്കോല്‍ താഴെ കൊടുത്ത് ഇപ്പോള്‍ വരാമെന്നു പറഞ്ഞാണ് ഇയാള്‍ പോയത്. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും വരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കടന്നുകളഞ്ഞ വിവരമറിയുന്നത്. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. കുന്നംകുളത്ത് ലോഡ്ജില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പതിവായി ബൈക്കിലാണ് ഓഫീസിലെത്തിയിരുന്നത്. ഈ ബൈക്കുമായിട്ടാണ് ഇയാള്‍ പഴഞ്ഞിയില്‍നിന്ന് പോയത്.
പോസ്റ്റല്‍ അധികാരികളുടെ പരാതിയില്‍ കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വഴിയിലൂടെ കടന്നുവെന്ന് കണ്ടെത്താന്‍ നിരീക്ഷണ ക്യാമറകള്‍ സഹിതം പരിശോധിക്കുന്നുണ്ട്.