IndiaNEWS

മുഖ്യമന്ത്രിയെച്ചൊല്ലി ഹൈക്കമാന്‍ഡിലും ഭിന്നത? കര്‍ണാടകയില്‍ സസ്പെന്‍സ് തുടരുന്നു

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് സസ്‌പെന്‍സ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല.

മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്‍മേലുള്ള അവകാശവാദത്തില്‍നിന്നു പിന്മാറാന്‍ ഡി.കെ.ശിവകുമാര്‍ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാമെന്നും ഇന്നലെ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.കെ.ശിവകുമാര്‍ അറിയിച്ചതായാണു വിവരം. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം നല്‍കാനാണ് സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.

നിലവില്‍ ഷിംലയിലുള്ള സോണിയാഗാന്ധി ഡല്‍ഹിയില്‍ എത്തിയശേഷം തുടര്‍ചര്‍ച്ചയുണ്ടാകും. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സോണിയയുടെ നിലപാട് നിര്‍ണായകമാകും. മുഖ്യമന്ത്രി സ്ഥാനത്തില്‍ സിദ്ധരാമയ്യയും ഡികെ ശിവകുമാറും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്.

എംഎല്‍എമാരെ ഭിന്നിപ്പിക്കാനില്ലെന്നും, പാര്‍ട്ടി അമ്മയാണെന്നും ബംഗലൂരുവില്‍ പറഞ്ഞ ഡികെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ നിലപാട് കര്‍ക്കശമാക്കി. സംസ്ഥാനത്ത് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ ഈ നിലയിലേക്ക് ഉയര്‍ത്തിയത് താനാണെന്നും, മുഖ്യമന്ത്രി പദത്തില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നുമാണ് ശിവകുമാര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അറിയിച്ചത്.

2019 ല്‍ കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാരിന്റെ തകര്‍ച്ചയില്‍ സിദ്ധരാമയ്യക്കും ഉത്തരവാദിത്തമുണ്ടെന്നും ശിവകുമാര്‍ ഖാര്‍ഗെയെ അറിയിച്ചു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഇന്നലെ തന്നെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ശിവകുമാര്‍ നിലപാടു കടുപ്പിച്ചതോടെയാണ് ചര്‍ച്ച അനിശ്ചിതത്വത്തിലായത്. സിദ്ധരാമയ്യയും ഇന്നലെ അരമണിക്കൂറിലേറെ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തിയിരുന്നു.

അതിനിടെ, പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡിലും ഭിന്നാഭിപ്രായം ഉണ്ടെന്ന് സൂചന. സോണിയാഗാന്ധിയും പ്രിയങ്കാഗാന്ധിയും ശിവകുമാറിനെ അനുകൂലിക്കുന്നതായാണ് സൂചന. എന്നാല്‍, കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകട്ടെ എന്നാണ് രാഹുല്‍ഗാന്ധിയുടെ നിലപാട്. ഖാര്‍ഗെയും സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്നതായാണ് സൂചന.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: