KeralaNEWS

ആരോഗ്യ രംഗത്തെ ചില അനാരോഗ്യ കാഴ്ചകൾ

വീണ്ടും ഒരു അധ്യയന വർഷമാണ് വരുന്നത്.അതിനാൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നതും.ഉപരിപഠനത്തിനായി വിവിധ മെഡിക്കൽ കോഴ്സുകളിലേക്ക് ചേരാൻ ഉദ്ദേശിക്കുന്നവരും ചേർന്നു കഴിഞ്ഞവരുമായ ആളുകളുടെ ശ്രദ്ധയ്ക്കായാണ് പ്രത്യേകമായി  ഇതിവിടെ കുറിക്കുന്നത്.
 യാതൊരു നിലവാരമോ മാനദണ്ഡമോ പുലർത്താതെ, വേണ്ട അംഗീകാരമോ സൗകര്യങ്ങളോ ഒന്നും ഇല്ലാതെ പാരാമെഡിക്കൽ കോഴ്സുകൾ നടത്തുന്ന ധാരാളം സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്.ഇന്നല്ല,പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു കാര്യങ്ങൾ.പക്ഷെ അന്നത്തെക്കാലത്തെപ്പോലെയല്ല ഇന്നത്തെ ആരോഗ്യ രംഗത്തെ തൊഴിൽ സാധ്യതകളും നിയമങ്ങളും. അതുകൊണ്ട് മാത്രം പറയുകയാണ്: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
 മഴക്കാലത്ത് മുളച്ചു പൊന്തുന്ന കൂണുകൾ പോലെ ഓരോ ജൂണിലും ഇത്തരം നിരവധി സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ഉയർന്നു വരാറുണ്ട്; അവരുടെ പരസ്യങ്ങൾ നമ്മുടെ ശ്രദ്ധ ആകർഷിക്കാറുമുണ്ട്.
സ്വന്തമായി ഒരു X ray യൂണിറ്റ് പോലും നടത്താൻ കെൽപ്പില്ലാത്ത  സെന്ററുകളാണ് രണ്ടു വർഷ ഡിപ്ലോമ/മൂന്നര വർഷ ബിഎസ്സി റേഡിയോളജി കോഴ്സുകൾ നടത്തുന്നത്.അതും രണ്ടും രണ്ടരയും ലക്ഷത്തിനു മുകളിൽ ഫീസ്‌ മേടിച്ചും! എക്സ്റേ മാത്രമല്ല
മറ്റെല്ലാ പാരാമെഡിക്കൽ കോഴ്സുകളുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെതന്നെയാണ്.
 തൊഴിൽ ലഭിക്കുന്നതിലുള്ള നൂറു ശതമാനം ഉറപ്പാണ് മറ്റേതു മേഖലയെക്കാളും ആരോഗ്യ രംഗത്തെ വിവിധ കോഴ്സുകളിലേക്ക് ഈയാംപാറ്റകളെ
പോലെ നമ്മുടെ യുവതലമുറയെ ആകർഷിക്കാനുള്ള പ്രധാന കാരണം.പ്രമുഖ ആശുപത്രികളുടേതുൾപ്പെടെ ഈ രംഗത്ത് നല്ല ഇന്സ്റ്റിറ്റ്യൂട്ടുകൾ നടത്തുന്നവരും കുറവല്ല.പക്ഷെ പ്ലസ് ടൂ വിനും മറ്റും നല്ല മാർക്ക് വേണം.പോക്കറ്റിന് കനവുമുണ്ടായിരിക്കണം എന്ന് മാത്രം.
  പിന്നീടുള്ളതാണ് മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾ.എട്ടാംക്ലാസ്സും ഗുസ്തിയും കഴിഞ്ഞ് തെക്കുവടക്ക്  നടക്കുന്നവർക്കുവേണ്ടിയാണ് ആദ്യമൊക്കെ ഇത്തരം തൊഴിൽ പരിശീലന സ്ഥാപനങ്ങൾ ആരംഭിച്ചത് .ഒരു തൊഴിൽ അഭ്യസിപ്പിക്കുക എന്നതായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ സ്ഥായിയായ ധർമ്മവും.ഫീസും താരതമ്യേന കുറവായിരിക്കും.അവരാണ് ഇന്ന് ഇല്ലാത്ത അംഗീകാരത്തിന്റെ (കേന്ദ്ര ഗവൺമെന്റിന്റേതു പോലും!) പേരും പറഞ്ഞ് പരസ്യം നൽകി ഫീസിലും മറ്റും രണ്ടിരട്ടി വർദ്ധന വരുത്തി വിദ്യാർത്ഥികളുടെ ഭാവി വച്ച് പന്താടുന്നത്.കോഴ്സ് കംപ്ലീറ്റ് ചെയ്ത് ഏതെങ്കിലും ആശുപത്രികളിൽ ജോലിക്ക് അപേക്ഷിക്കുമ്പോഴാകും നമ്മൾ ചതി മനസ്സിലാക്കുക.നമ്മുടെ നാട്ടിലെ നൂറ് ബെഡ്ഡിന്റെ സ്വകാര്യ ആശുപത്രികളിൽപ്പോലും ഈ ഇന്സ്റ്റിറ്റ്യൂട്ടുകളുടെ സർട്ടിഫിക്കറ്റുകളുമായി ചെന്നാൽ ജോലി ലഭിക്കില്ല.പിന്നല്ലെ സൂപ്പർ-മൾട്ടി സ്പെഷ്യാലിറ്റി,സർക്കാർ ആശുപത്രികളുടെ കാര്യങ്ങൾ !  ഗൾഫ് രാജ്യങ്ങളിലേത് ഉൾപ്പെടെയുള്ള  വിദേശ ജോലികളുടെ കാര്യങ്ങൾ പറയുകയും വേണ്ട.
 അറി്യാതെ ഇത്തരം ഇന്സ്റ്റിറ്റ്യൂട്ടുകളുടെ പരസ്യത്തിൽ  പെട്ടുപോയി വഞ്ചിതരായി ജീവിതത്തിൽ ഒന്നും നേടാനാവാതെ പോയവർ ഇന്നും നമ്മുടെ ഇടയിൽ   ധാരാളമുണ്ട്.ആവശ്യക്കാർ ഒരിക്കലും കുറയാത്ത  ഇത്തരം കോഴ്സുകളുടെ/സ്ഥാപനങ്ങളുടെ വേരുകൾ കേരളത്തിൽനിന്ന് ഒരിക്കലും മാഞ്ഞുപോകാനും പോകുന്നില്ല.ആവശ്യക്കാർ നമ്മളാണ്.അതിനാൽ  നമ്മൽതന്നെയാണ് ശ്രദ്ധിക്കേണ്ടതും.വ്യാജ പരസ്യങ്ങൾ നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ അധികൃതരും തയാറാവേണ്ടിയിരിക്കുന്നു.ക്ലിനിക്കല്‍ പരിശീലനമോ രോഗീ പരിചരണമോ ഇല്ലാതെയാണ് നഴ്‌സിംഗ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പഠിപ്പിച്ച് ഇങ്ങനെ‌ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.എല്ലാം കഴിഞ്ഞ് ജോലി തേടുമ്പോൾ മാത്രമായിരിക്കും സര്‍ക്കാര്‍, സ്വകാര്യമേഖകളില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അംഗീകാരമില്ലെന്ന് കുട്ടികളും രക്ഷിതാക്കളും അറിയുന്നത്.
  ഇത്തരം ഇന്സ്റ്റിറ്റ്യൂട്ടുകളിൽ  പഠിച്ചിറങ്ങി മെച്ചപ്പെട്ട ജോലിയോ വേതനമോ  ലഭിക്കാതെ ജീവിതം കൈവിട്ടുപോയ ഒരുപാട് സഹോദരങ്ങൾ ഇന്ന് നമുക്കു ചുറ്റുമുണ്ട് .അതിനാൽത്തന്നെ ഇത്തരം കോഴ്സുകൾ നടത്തുന്ന അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും കടലാസിന്റെ വിലപോലുമില്ലാത്ത അവരുടെ സർട്ടിഫിക്കറ്റുകൾക്കെതിരെയും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നാമോരോരുത്തരും  ബാധ്യസ്ഥരാണ്.ഇനിയും കൂടുതലാളുകൾ ഇതുപോലുള്ളവരുടെ കപട വാഗ്ദാനങ്ങളിൽപ്പെട്ട് വഞ്ചിതരാകാതിരിക്കാനുള്ള ധാർമികബാധ്യതയും നമ്മൾക്കുണ്ട്.
  ജൂൺമാസം മത്സ്യത്തൊഴിലാളികൾക്കു മാത്രമല്ല,ആശുപത്രിക്കാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമെല്ലാം ചാകര തന്നെ.അതിനാൽ വെറുതെ ഒന്നു ഓർമ്മിപ്പിച്ചുവെന്ന് മാത്രം.മുകളിൽ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുന്നു: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട !

Back to top button
error: