Movie

ഐ.വി ശശി- ടി ദാമോദരൻ ടീം ഒരുക്കിയ ‘അമേരിക്ക അമേരിക്ക’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 40 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

       ഐ.വി ശശിയുടെ ‘അമേരിക്ക അമേരിക്ക’ റിലീസ് ചെയ്‌തിട്ട് 40 വർഷം. 1983 ഏപ്രിൽ 29 നായിരുന്നു ടി ദാമോദരൻ തിരക്കഥ രചിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയത്. കരയിലൂടെയും, വെള്ളത്തിലൂടെയും, ആകാശത്തൂടെയും ഓടിക്കാവുന്ന സീപ്‌ളെയിൻ, നഗരമധ്യത്തിലൂടെ പറന്നു നീങ്ങുന്ന റോപ് വേ, പൂക്കളും പുൽത്തകിടികളും നിറഞ്ഞ അമേരിക്കൻ നഗരനിരത്തുകൾ ഇവയൊക്കെ യഥേഷ്‌ടം കാണിക്കുന്നുണ്ട് ചിത്രത്തിൽ. ഡിസ്‌നി ലാൻഡ് മുതൽ നിശാക്ളബ്ബ്‌ വരെയുള്ള സീനുകൾ വേറെയും.

Signature-ad

സിഡ്‌നിയിൽ നിന്നും യൂറോപ്പിലേയ്ക്ക് പുറപ്പെട്ട ഒരു കപ്പൽ കാണാതാവുന്നതും വൈരക്കല്ലുകൾ ഒളിപ്പിച്ച ആ കപ്പൽ മുങ്ങിയതല്ല, കടൽക്കൊള്ളക്കാർ മുക്കിയതാണെന്നും ക്യാപ്റ്റനെ (ഉമ്മർ) തടവിലാക്കിയിരിക്കുകയാണെന്നും ക്യാപ്റ്റന്റെ മകൾ (സീമ) വഴി അറിയുന്നു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജാക്‌സൺ (ബാലൻ കെ നായർ) അമേരിക്കയിൽ നിന്നും മുങ്ങി. അയാളെ തിരികെ കൊണ്ടുവരാൻ മകനെ (പ്രതാപ് പോത്തൻ) പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നു. ജാക്‌സൺ വന്നു. ജാമ്യത്തിലിറങ്ങിയ മകൻ പക്ഷെ അച്ഛന്റെ എതിർ ഗ്രൂപ്പിൽ ചേരുന്നു. നഷ്ടപ്പെട്ടു പോയ കപ്പലിനെക്കുറിച്ച് അന്വേഷിക്കുന്ന അന്താരാഷ്ട്ര പോലീസ് സംഘടനയുടെ പ്രതിനിധിയായ മമ്മൂട്ടിയും കൂടെ ചേർന്നതോടെ ക്ളൈമാക്‌സിലെ ഉഗ്രസംഘട്ടനത്തിന് ശേഷം ക്യാപ്റ്റനെ വീണ്ടെടുക്കുന്നു. ദുഷ്ടൻമാരെ അമേരിക്കൻ പോലീസ് പൊക്കുന്നു. ശുഭം.

ബിച്ചു-ശ്യാം ടീമിന്റെ ഗാനങ്ങളിൽ ‘ഏതോ ജന്മബന്ധം നിന്നിൽ കണ്ടു ഞാൻ’, ‘തേരിറങ്ങി ഇതിലെ വരൂ’ ശ്രദ്ധേയമായി. ഗാനങ്ങൾക്ക് ശ്യാമിൽ നിന്നും പ്രതീക്ഷിച്ച ആസ്വാദ്യത ഉണ്ടായില്ല; ചിത്രത്തെപ്പോലെ തന്നെ. ചിത്രം നിർമ്മിച്ച വിജയതാര മറ്റ് ചിത്രങ്ങൾ നിർമ്മിച്ചതായി അറിവില്ല.

Back to top button
error: