CrimeNEWS

ട്രെയിന്‍ തീവെപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘം, പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി

കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരെ തീകൊളുത്തിയ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. അക്രമിയെക്കുറിച്ച് സൂചന ലഭിച്ചതായി ഡിജിപി അറിയിച്ചു. ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണെന്നും ഉത്തരമേഖലാ ഐജിയുടെ മേല്‍നോട്ടത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അക്രമിയുടെ രേഖാചിത്രം പോലീസ് തയ്യാറാക്കുകയാണ്. ദൃക്‌സാക്ഷിയായ റാസിഖിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കുന്നത്.

അക്രമിയെ വേഗം തന്നെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിയെക്കുറിച്ചു സൂചനകള്‍ ലഭിച്ചു. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു അന്വേഷിക്കുന്നുണ്ട്. പ്രത്യക അന്വേഷണ സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

Signature-ad

ഞായറാഴ്ച രാത്രി 9.30 ഓടെ ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് (16307) ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിനിന്റെ ഡി 1 കോച്ചിലെത്തിയ അക്രമി യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോള്‍ എന്നു സംശയിക്കുന്ന ദ്രാവകം ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്നു സ്ത്രീയെയും കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയില്‍ നടത്തിയ തെരച്ചിലില്‍ പാളത്തില്‍നിന്ന് ഇവരുടെ അടക്കം മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മട്ടന്നൂര്‍ പാലോട്ട് സ്വദേശികളായ റഹ്‌മത്ത്, സഹോദരിയുടെ മകള്‍ രണ്ടുവയസുകാരി സഹല, മട്ടന്നൂര്‍ സ്വദേശിയായ നൗഫിക്ക് എന്നിവരാണ് മരിച്ചത്. പ്രാണരക്ഷാര്‍ഥം ഓടിയിറങ്ങിയതിനെ തുടര്‍ന്നാണ് ഇവരുടെ മരണമെന്ന് പ്രാഥമിക നിഗമനം.

അതേസമയം, സംഭവം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടേതെന്നു സംശയിക്കുന്ന സിസി ടിവി ദൃശ്യങ്ങളും ബാഗും പോലീസിനു ലഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും തീരുമാനം. ആര്‍പിഎഫിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാകും ആഭ്യന്തര മന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിക്കുക.

 

Back to top button
error: