NEWSPravasi

കാനഡ വഴി യു.എസിലേക്ക് കടക്കാന്‍ശ്രമം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചനിലയില്‍

ടൊറന്‍േ്‌റാ: ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ എട്ടു പേരെ യുഎസിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ കാനഡ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാനഡയില്‍നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്.

ആറുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ഒരു ബോട്ടിനടുത്തു ചതുപ്പില്‍നിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് അക്വെസാസ്‌നെ മൊഹൗക് സമുദായത്തില്‍നിന്ന് കാണാതായ കേസി ഓക്‌സിന്റെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

Signature-ad

മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടം. ഈ വര്‍ഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് പോലീസ് തന്നെ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 80ല്‍ അധികം പേര്‍ ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്.

ഓക്‌സിലെ കാണാനില്ലെന്ന പരാതി കിട്ടിയ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ആദ്യ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതിചെയ്യുന്ന കോണ്‍വാള്‍ ദ്വീപിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍നിന്ന് ബുധനാഴ്ച രാത്രി ഒന്‍പതരയോടെ ചെറിയ ബോട്ടില്‍ പോകുന്ന ഓക്‌സിനെയാണ് അവസാനം കണ്ടതെന്നാണു പരാതിയില്‍ പറയുന്നത്.

Back to top button
error: