വയനാട്: ബത്തേരിയില്‍നിന്ന് പിടികൂടിയ പിഎം2 കാട്ടാനയെ തിരികെ കാട്ടില്‍ വിടാന്‍ വനംവകുപ്പ് ആലോചന തുടങ്ങി. മൃഗസ്നേഹികളുടെ ആവശ്യം പരിഗണിച്ച് ഇതിന്റെ സാധ്യത പരിശോധിക്കാന്‍ പിസിസിഎഫ് ഗംഗാസിങ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ ആനയെ മുത്തങ്ങയില്‍തന്നെ പാര്‍പ്പിക്കണമെന്നും പുറത്തുവിടാനാണ് തീരുമാനമെങ്കില്‍ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന് പറഞ്ഞു.
ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച പിഎം2 എന്ന കാട്ടാനയെ ജനുവരി 9 നാണ് വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയത്. മുത്തങ്ങ ആനപ്പന്തിയിലെ കൂട്ടിലടച്ച പന്തല്ലൂര്‍ മഖ്ന 2 എന്ന പിഎം 2 പാപ്പാന്മാരുടെ ശിക്ഷണത്തില്‍ മെരുങ്ങിത്തുടങ്ങി. കൂടിനു പുറത്തിറക്കി കുങ്കിയാന പരിശീലനം തുടങ്ങാന്‍ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ആനയെ തിരികെ കാട്ടിലേക്കു വിടണമെന്ന ആവശ്യവുമായി മൃഗസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും എത്തിയത്. ഇതോടെ ഈ സാധ്യത പരിശോധിക്കാന്‍ വനംവകുപ്പ് തീരുമാനിച്ചു.
പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫ് ചെയര്‍മാനായി അഞ്ചംഗ കമ്മിറ്റിയെയും നിയോഗിച്ചു. ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഗംഗാസിങ്ങിന്റെ നിര്‍ദേശം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും സമിതിയില്‍ അംഗങ്ങളാണ്. ആനയെ കൂട്ടിലിട്ടു പീഡിപ്പിക്കാതെ ജനങ്ങളെ ബാധിക്കാത്ത വിധത്തില്‍ കാട്ടില്‍ വിടണമെന്നാണ് വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ ആവശ്യം.
തമിഴ്നാട്ടില്‍ രണ്ടുപേരെ കൊന്ന പിഎം 2നെ കഴിഞ്ഞ ഡിസംബറില്‍ തമിഴ്നാട് വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് സത്യമംഗലം കാട്ടില്‍ വിട്ടു. പക്ഷേ ആന പന്തല്ലൂരിലെ ജനവാസകേന്ദ്രങ്ങളില്‍ നിന്നു മാറിയിരുന്നില്ല. വീടുകള്‍ തകര്‍ത്ത് അരി തിന്നും കൃഷിയിടങ്ങള്‍ നശിപ്പിച്ചും ഭീതിപരത്തി. പിന്നീട് ബത്തേരിയിലേക്ക് എത്തി. സമാധാനം നഷ്ടപ്പെട്ട ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നാലെയാണ് ആനയെ വനംവകുപ്പ് പിടികൂടുന്നത്.