വയനാട്: കല്പറ്റയില്‍ ഏഴുവയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ ചട്ടുകം പഴുപ്പിച്ച് കാലുപൊള്ളിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചുഴലി സ്വദേശിയും എം.കെ. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ വിഷ്ണു (31) ആണ് അറസ്റ്റിലായത്. ബുധനാഴ്ചയായിരുന്നു സംഭവം.
ഭാര്യയുടെ ആദ്യവിവാഹത്തിലെ ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നാണ് വിവരം. കുട്ടിയെ പൊള്ളലേല്‍പ്പിച്ച വിവരം പ്രദേശവാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കല്പറ്റ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിക്ക് ചികിത്സ ലഭ്യമാക്കിയശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കുമുമ്പില്‍ ഹാജരാക്കി. കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം പൊള്ളലേറ്റ കുട്ടിയെയും ഇരട്ടസഹോദരിയെയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി. പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇയാള്‍ പലപ്പോഴായി ഇത്തരത്തില്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി കുട്ടികള്‍ മൊഴിനല്‍കി.