ന്യൂഡല്‍ഹി: ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ഇന്ത്യ. ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിംഗിനെക്കുറിച്ചുള്ളതും, ഖലിസ്ഥാന്‍ പ്രതിഷേധ വാര്‍ത്തകളുമായി ബന്ധപ്പെട്ടാണ് നടപടിയെന്നാണ് സൂചന.
നിയമപരമായ കാരണത്താല്‍ അക്കൗണ്ട് നീക്കം ചെയ്യുന്നതായി ഹാന്‍ഡില്‍ പ്രദര്‍ശിപ്പിച്ച സന്ദേശത്തില്‍ പറയുന്നു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. കഴിഞ്ഞയാഴ്ച, പഞ്ചാബ് ആസ്ഥാനമായുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും ഖലിസ്ഥാന്‍ അനുകൂലികളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
കനേഡിയന്‍ രാഷ്ട്രീയക്കാരനായ ജഗ്മീത് സിംഗ്, കാനഡ ആസ്ഥാനമായുള്ള കവയിത്രി രൂപി കൗര്‍, സന്നദ്ധ സംഘടനയായ യുണൈറ്റഡ് സിഖ് എന്നിവരുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.