CrimeNEWS

റഷ്യന്‍ യുവതി കൂരാച്ചുണ്ടിലെത്തിയത് മുതല്‍ നേരിട്ടത് ക്രൂരപീഡനം; കാറില്‍നിന്ന് ചാടി, ഉപദ്രവം

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാമുകനൊപ്പമെത്തിയ റഷ്യന്‍ യുവതി ക്രൂരപീഡനം നേരിട്ടുവെന്ന് സാക്ഷ്യപ്പെടുത്തി വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും യുവതി മാനസികസമ്മര്‍ദം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും പോലീസിന് ദ്വിഭാഷി മുഖേന മൊഴിനല്‍കിയിരുന്നു. തടങ്കലില്‍ വെച്ചെന്നും ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു പരാതി. സംഭവത്തില്‍ കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച വീടിന്റെ ടെറസില്‍നിന്ന് ചാടി യുവതി രക്ഷപ്പെടുകയായിരുന്നു. സമീപത്തെ കടയിലെത്തി നാട്ടുകാരോട് രക്ഷിക്കാന്‍ സഹായമഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വനിതാകമ്മിഷന്‍ സ്വമേധയാ കേസെടുത്ത് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പേരാമ്പ്ര ഡിവൈ.എസ്.പി. റിപ്പോര്‍ട്ട് നല്‍കും. യുവതിയുടെ രഹസ്യമൊഴി പേരാമ്പ്ര മജിസ്‌ട്രേറ്റ് ഇതിനകം രേഖപ്പെടുത്തിയിട്ടുമുണ്ട്.

Signature-ad

ഖത്തറിലായിരുന്ന ആഖിലുമായി ഇന്‍സ്റ്റഗ്രാം മുഖേനയാണ് 27 വയസുകാരിയായ റഷ്യന്‍ യുവതി പരിചയപ്പെട്ടത്. പിന്നീട് ഖത്തറില്‍ ആഖിലിന് ഒപ്പമെത്തിയ യുവതി കഴിഞ്ഞമാസമാണ് ഇന്ത്യയിലേക്കു വന്നത്. 19-ന് കൂരാച്ചുണ്ടിലെ വീട്ടിലുമെത്തി. വീട്ടില്‍ വന്നതുമുതല്‍ പ്രശ്നങ്ങളും പീഡനവും തുടങ്ങിയെന്നാണ് പരാതി.

20-ന് യാത്രയ്ക്കിടെ പേരാമ്പ്ര കൈതക്കലില്‍ കാറില്‍നിന്ന് യുവതി നിലവിളിയോടെ പുറത്തേക്കു ചാടിയിറങ്ങിയ സംഭവവും ഉണ്ടായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പേരാമ്പ്ര പോലീസെത്തി കാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും വനിതാ പോലീസിനെ അടക്കം ഭീഷണിപ്പെടുത്തി കാറുമായി ആഖില്‍ സ്ഥലംവിടുകയായിരുന്നു. കാറിന്റെ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും ആഖിലിനെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

ആഖിലിന്റെ വീട്ടുകാര്‍ നാട്ടുകാര്‍ക്കൊപ്പം കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെത്തി ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം നേരത്തേ പറയുകയും ചെയ്തിരുന്നു. എന്നാല്‍, വീട്ടില്‍നിന്ന് യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചശേഷമാണ് ദ്വിഭാഷിയെ എത്തിച്ച് മൊഴിയെടുക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.

 

Back to top button
error: