Movie

മുട്ടത്ത് വർക്കിയും പി. സുബ്രമഹ്ണ്യവും ചേർന്നൊരുക്കിയ ‘പാടാത്ത പൈങ്കിളി’ക്ക് ഇന്ന് 66 വയസ്സ്

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

മുട്ടത്ത് വർക്കി-പി സുബ്രമഹ്ണ്യം ടീമിൻ്റെ ‘പാടാത്ത പൈങ്കിളി’ക്ക് 66 വയസ്സ്. 1957 മാർച്ച് 22 നായിരുന്നു നീല പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെ നിർമ്മിച്ച ഈ ചിത്രം അഭ്രപാളികളിലെത്തിയത്. മുട്ടത്ത് വർക്കിയുടെ പ്രശസ്‌ത നോവലാണ് അതേ പേരിൽ സിനിമയായത്. തിരക്കഥാകൃത്തെന്ന നിലയിൽ മുട്ടത്ത് വർക്കിയുടെ സിനിമാപ്രവേശം കൂടിയാണ് ‘പാടാത്ത പൈങ്കിളി’ (ഈ നോവലിന് ശേഷമാണ് പ്രേമം പ്രതിപാദ്യവിഷയമായ ലളിത നോവലുകളെ പൈങ്കിളി എന്ന് വിളിക്കാൻ തുടങ്ങിയത്). ഇതേ വർഷം ഇതേ ടീമിന്റെ ‘ജയിൽപ്പുള്ളി’ എന്ന ചിത്രവും റിലീസ് ചെയ്‌തു.

Signature-ad

പണക്കാരനായ തങ്കച്ചൻ (നസീർ) മോട്ടോർ സൈക്കിളിൽ നിന്ന് വീണു. സ്വന്തം മേൽമുണ്ട് കീറി മുറിവ് കെട്ടിയത് സ്ഥലത്തെ പാവപ്പെട്ട ചിന്നമ്മ (മിസ് കുമാരി). കപ്പ അരിയുമ്പോൾ അവളുടെ കൈവിരൽ മുറിഞ്ഞു. മരുന്ന് വച്ച് കെട്ടിയത് തങ്കച്ചൻ. അവൻ അവളെ ‘പൈങ്കിളീ’ എന്ന് വിളിച്ചു. അവർ പ്രണയബദ്ധരായി. പക്ഷെ കല്യാണം…? അത് പണക്കാരായ തങ്കച്ചനും ലൂസിയും (കെ.വി ശാന്തി) തമ്മിലേ നടക്കൂ.
ചിന്നമ്മയുടെ കല്യാണം ഉറപ്പിച്ചു. സ്ത്രീധനമായ 500 രൂപയിൽ 300 ഒപ്പിക്കാനേ ചിന്നമ്മയുടെ അപ്പന് (മുത്തയ്യ) കഴിഞ്ഞുള്ളൂ. ബാക്കി ഇല്ലാത്തതിനാൽ കല്യാണം മുടങ്ങുമെന്നായപ്പോൾ മനസമ്മതത്തിന് പള്ളിയിലുണ്ടായിരുന്ന തങ്കച്ചൻ ഭാവിവധുവായ ലൂസിയോട് മാപ്പ് പറഞ്ഞ് ചിന്നമ്മയുടെ കഴുത്തിൽ താലി കെട്ടുകയാണ്. ശേഷം ലൂസി കന്യാമഠത്തിൽ ചേർന്നു. ദാരിദ്ര്യം കൊണ്ട് പാടാൻ കഴിയാതെ പോയ ‘പൈങ്കിളി’ക്ക് ഇനിമുതൽ പാടാം! ‘സ്നേഹൈകരൂപാ, നീയെൻ മണവാളൻ, നീയെൻ ദൈവം’ എന്ന് ഒരു പാട്ടിൽ.

തിരുനയിനാർ കുറിച്ചി മാധവൻ നായർ എഴുതി ബ്രദർ ലക്ഷ്മൺ ഈണമിട്ട 13 പാട്ടുകളുണ്ടായിരുന്നു. കാമുകറയും ശാന്ത പി നായരുമായിരുന്നു മുഖ്യ ഗായകർ.
കെ.വി ശാന്തി എന്ന നടിയുടെ ആദ്യ ചിത്രമാണ് പാടാത്ത പൈങ്കിളി. പിന്നീട് സുബ്രമഹ്ണ്യം ചിത്രങ്ങളിലെ സ്ഥിരം നടിയായി. ‘പൈങ്കിളി’ക്ക് ശേഷം സുബ്രമഹ്ണ്യം നിർമ്മിച്ച് സംവിധാനം ചെയ്‌തത്‌ തകഴിയുടെ ‘രണ്ടിടങ്ങഴി’ ആയിരുന്നു. ശേഷം മുട്ടത്ത് വർക്കിയുടെ മറിയക്കുട്ടി. മെരിലാൻഡ് സ്റ്റുഡിയോയിലായിരുന്നു ‘പാടാത്ത പൈങ്കിളി’ ചിത്രീകരിച്ചത്.

Back to top button
error: