KeralaNEWS

‘ഇതിനൊക്കെ പ്രതികാരം ചെയ്യാതിരിക്കുമോ…?’ കാക്കിയിട്ടവരുടെ നെറികെട്ടിനെ നിയമം കൊണ്ട് കുരുക്കിലാക്കി അരുണിന്റെ പോരാട്ടം

ചെയ്യാത്ത കുറ്റത്തിന് കൂട്ടം ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ എത്തിച്ചതിലുള്ള സന്തോഷത്തിലാണ് ഹരിപ്പാട് സ്വദേശി എസ് അരുണ്‍. ഒരു മാസത്തിലേറെ അരുണിനെ ആശുപത്രിക്കിടക്കയില്‍ തളച്ചിട്ട ഡി.വൈ.എസ്.പി മനോജ് ടി നായരടക്കം ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമനല്‍ കേസെടുക്കാനും വകുപ്പ് തല നടപടി സ്വീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. 2017 ഒക്ടോബര്‍ 17 നാണ് അരുണിനെ ഒരു സംഘം പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഹരിപ്പാട് സഹകരണ ബാങ്ക് ഉദ്യോഗസ്ഥനായ എസ് അരുണിന് ഈ ദിനം ഒട്ടും മറക്കാന‍് കഴിയില്ല. യുഡിഎഫ് ഹര്‍ത്താലായരുന്നു ഒക്ടോബര്‍ 17ന്. ബാങ്കില്‍ പോയി ഉച്ചക്ക് തിരിച്ച് വീട്ടിലെത്തിയ അരുണിനെ തേടി മഫ്തിയില്‍ പൊലീസുകാരെത്തി. സി.ഐ സ്റ്റേഷനിലെക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു എന്ന് മാത്രമാണ് ഇവര്‍ പറഞ്ഞ്. സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ കള്ളക്കേസില്‍ കുടുക്കി എന്ന വിവരം ഈ ചെറുപ്പക്കാരന്‍ അറിയുന്നത്. കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞു എന്ന കള്ളക്കേസ് ചുമത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരുണ്‍ അറിയുന്നത് എഫ്.ഐ.ആര്‍ കാണുമ്പോള്‍ മാത്രമാണ്. പിന്നീട് അന്നത്തെ ഹരിപ്പാട് സിഐയും ഇപ്പോൾ മലപ്പുറത്തെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ മനോജ് ടി നായര്‍, എസ്.ഐ രതിഷ് ഗോപി എന്നിവരടക്കം ഏഴ് പെലീസുകാർ ചേർന്ന് ഈ ചെറുപ്പക്കാരനെ ജീവച്ഛവമാകുന്ന വിധം തല്ലിച്ചതച്ചു. കേസില്‍ അരുണിനെ റിമാന്‍റ് ചെയ്യാന്‍ മജിസ്ട്രേറ്റിന് ആശുപത്രി കിടക്കക്ക് സമീപം എത്തേണ്ടി വന്നു. നേരെ നില്‍ക്കൻ പോലും കഴിയാതെ ഒരു മാസത്തിലേറെ അരുണ്‍ ആശുപത്രി കിടക്കയില്‍ കഴിഞ്ഞു. പൊലീസിന്‍റെ കൊടും ക്രൂരതയ്ക്കെതിരെ അരുണിന്‍റെ ഭാര്യ അശ്വതി ആദ്യം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. 35000 രൂപ നഷ്ടപരിഹാരം നല്കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. പക്ഷേ കേസില്‍ ഒരു നടപടിയും ഉണ്ടായില്ല. ഉത്തരവ് നടപ്പാക്കത്തതിനെതിരെ കുടുംബം ഹൈക്കോടതിയിലെത്തി. മനുഷ്യാവകാശ കമ്മീഷന്‍റെ അധികാരത്തെ ചോദ്യം ചെയ്ത് കേസിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ഹര്‍ജി നല്‍കി. എന്നാല്‍ അരുണും കുടുംബവും നേരിട്ട ദുരിതങ്ങളുടെ ആഴമറിഞ്ഞ ഹൈക്കോടതി രണ്ട് മാസത്തിനകം കമ്മീഷന്‍റെ വിധി നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഒപ്പം ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും ക്രമിനല്‍ കേസും എടുക്കണമെന്നും നീതിപീഠം വിധിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: