IndiaNEWS

ഭഗവാന്റെ പള്ളിയുറക്കം തടസപ്പെടുന്നു; ജഗന്നാഥ ക്ഷേത്രത്തിലെ ‘എലിക്കെണി’ യന്ത്രം നീക്കി

ഭുവനേശ്വര്‍: എലികളെ തുരത്താന്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ എതിര്‍പ്പുമായി ക്ഷേത്രപുരോഹിതര്‍. യന്ത്രങ്ങളില്‍ നിന്നുയരുന്ന ശബ്ദം ക്ഷേത്രത്തിലെ ദേവതമാര്‍ക്ക് നിദ്രാഭംഗം ഉണ്ടാക്കുമെന്ന കാരണത്താലാണ് പുരോഹിതര്‍ യന്ത്രം സ്ഥാപിക്കുന്നതിനെ എതിര്‍ക്കുന്നത്. ഒഡീഷയിലെ ചരിത്രപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് സംഭവം.

ജനുവരിയിലാണ് ക്ഷേത്രത്തിലെ ക്ഷേത്രത്തിലെ ജഗന്നാഥന്‍, ബലഭദ്ര, സുഭദ്ര എന്നീ വിഗ്രഹങ്ങളില്‍ ധരിപ്പിച്ചിരുന്ന വസ്ത്രങ്ങള്‍ എലികള്‍ കരണ്ടതായി കണ്ടെത്തിയത്. മരം കൊണ്ട് നിര്‍മിച്ച ക്ഷേത്ര വിഗ്രഹങ്ങളും എലി കരണ്ട് നശിപ്പിക്കാനിടയുണ്ടെന്ന് പുരോഹിതന്‍മാര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് ഒരു ഭക്തന്‍ എലിയെ തുരത്തുന്ന യന്ത്രം ക്ഷേത്രത്തിലേക്ക് വാങ്ങി നല്‍കിയത്.

Signature-ad

ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍ യന്ത്രം വെക്കാനായിരുന്നു ക്ഷേത്രഭാരവാഹികളുടെ തീരുമാനം. പക്ഷെ, വൈകാതെ പുരോഹിതര്‍ പരാതിയുമായി രംഗത്തെത്തി. എലിയെ ഭയപ്പെടുത്തി ഓടിക്കുന്നതിന് യന്ത്രം പുറപ്പെടുവിക്കുന്ന മുരളല്‍ ശബ്ദംമൂലം ദേവതമാര്‍ക്ക് നിദ്രാഭംഗമുണ്ടാകുന്നു എന്നായിരുന്നു അവരുടെ ആരോപണം. തുടര്‍ന്ന് യന്ത്രം അവിടെനിന്ന് നീക്കംചെയ്യുകയായിരുന്നു.

യന്ത്രത്തിനു പകരം ശര്‍ക്കര ഉള്ളില്‍വെച്ച കെണികള്‍ ഉപയോഗിച്ച് എലിയെ പിടിക്കുന്ന രീതിയിലേക്ക് മടങ്ങിയിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. എലികളെ വിഷംവെച്ചോ മറ്റോ കൊല്ലരുതെന്ന നിലപാട് കാലങ്ങളായി തുടര്‍ന്നുവരുന്നതിനാല്‍ കെണിയില്‍ കുടുങ്ങുന്ന എലികളെ ക്ഷേത്രത്തിന് പുറത്ത് തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു. 12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് പുരി ജഗന്നാഥക്ഷേത്രം.

Back to top button
error: