നോട്ട് നിരോധനവും തീപിടിത്തവും, ഒരേ ന്യായീകരണം; ഒടുവില്‍ മൗനം വെടിഞ്ഞ് ആഷിഖ് അബുവും
കൊച്ചി: ബ്രഹ്‌മപുരം തീപ്പിടിത്തത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകന്റെ പ്രതികരണം. നോട്ട് നിരോധന സമയത്ത് അതിനെ ന്യായീകരിച്ചുകൊണ്ട് നിരത്തിയ ന്യായീകരണ വാദങ്ങളും ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ലഘൂകരിക്കുന്ന വാദങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മാനുവല്‍ റോണി എന്നയാള്‍ പങ്കുവെച്ച സര്‍ക്കാസം പോസ്റ്റാണ് ആഷിക് അബു സ്റ്റോറിയാക്കിയിരിക്കുന്നത്.
‘ഞാന്‍ ഒരു ദിവസം കാക്കനാട് ബൈക്കില്‍ പോയിരുന്നു. ഞാനൊരു പുകയും കണ്ടില്ല’, ‘തൃപ്പൂണിത്തുറ ഉള്ള എന്റെ അളിയന്‍ വിളിച്ചു. അവരുടെ കണ്ണ് ഇതുവരെ നീറിയില്ല.’, ‘എറണാകുളത്ത് ഉള്ളവര്‍ അരാഷ്ട്രീയര്‍ ആണ്. അവര്‍ സ്വന്തം മാലിന്യങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നു’, ‘എല്ലാ ആരോപണവും സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനാണ്’ എന്നിങ്ങനെയുള്ള വാചകങ്ങളാണ് ആഷിഖ് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഉള്ളത്.
ആഷിക് അബു വിഷയത്തില്‍ പ്രതികരിക്കാത്തതില്‍ ഫെയ്സ്ബുക്കില്‍ അടക്കം നിരവധി പേര്‍ കമന്റുകള്‍ ഇട്ടിരുന്നു. ഇതിനിടെയാണ് അദ്ദേഹം ഇന്‍സ്റ്റാ സ്റ്റോറിയായി ഈ പോസ്റ്റ് പങ്കുവച്ചത്. നിരവധി സിനിമാപ്രവര്‍ത്തകരാണ് ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി എത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു.