KeralaNEWS

ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം; സ്വപ്‌നയ്ക്ക്് എം.വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ്

കണ്ണൂര്‍: തനിക്കെതിരേയുള്ള ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സ്വപ്ന സുരേഷിനും വിജേഷ് പിള്ളക്കും വക്കീല്‍ നോട്ടീസ് അയച്ചു.
തളിപ്പറമ്പിലെ അഭിഭാഷകനായ അഡ്വ. നിക്കോളസ് ജോസഫ് മുഖേനയാണ് സ്വപ്നയുടെ ബംഗളൂരു മേല്‍വിലാസത്തിലും വിജേഷ് പിള്ളയുടെ കണ്ണൂര്‍ കടമ്പേരിയിലെ വിലാസത്തിലും ഇന്ന് നോട്ടീസ് അയച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.വി ഗോവിന്ദന് 50 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ടെന്നും നാളിതുവരെ ഇത്തരമൊരു ആരോപണം രാഷ്ട്രീയ എതിരാളികള്‍ പോലും ഉയര്‍ത്തിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. വിജേഷ് പിള്ള എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരമോരു ആരോപണം ഉന്നയിച്ചതുവഴി തന്റെ പൊതുപ്രവര്‍ത്തനത്തിലും വ്യക്തിപരമായും കോട്ടം സംഭവിച്ചതായും നോട്ടീസില്‍ ഗോവിന്ദന്‍ മാഷ് വ്യക്തമാക്കി.

സ്വപ്നയുടെ ഫെയ്‌സ്ബുക്ക് ലൈവ് മലയാളത്തിലെ ഒട്ടുമിക്ക വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും ലൈവായി തന്നെ പ്രസിദ്ധീകരിച്ചെന്നും ദിനപത്രങ്ങളില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. യാതൊരു അന്വേഷണവും നടത്താതെ അടിസ്ഥാനരഹിതമായി ഉന്നയിച്ച ആരോപണങ്ങള്‍ ഇത്തരം ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും കൂടി തന്നെ സ്വപ്ന പിന്‍വലിക്കണം. ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നല്‍കണം. ഇല്ലെങ്കില്‍ ക്രിമിനലായും സിവിലായും നിയമനടപടികള്‍ കൈക്കൊള്ളുമെന്നും നോട്ടീസ് പറയുന്നുണ്ട്.

മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്തിരിയാന്‍ കടമ്പേരിയിലെ വിജേഷ് പിള്ള വഴി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ 30 കോടി രൂപ വാഗ് ദാനം ചെയ്തുവെന്നും പിന്‍മാറിയില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരുമെന്നായിരുന്നു സ്വപ്നയുടെ ആരോപണം.

മന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്വപ്ന സുരേഷ് ദിവസങ്ങള്‍ക്ക് മുന്‍പ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും ഇല്ലെങ്കില്‍ ജീവനു തന്നെ ഭീഷണി നേരിടുമെന്നും കണ്ണൂരില്‍ നിന്നുള്ള ബിസിനസുകരാനായ വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്നാണ് കഴിഞ്ഞ ഒമ്പതാം തീയതി സ്വപ്ന വ്യക്തമാക്കിയത്.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: