NEWSPravasi

സൗദിയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി? സത്യം ഇതാണ്

റിയാദ്: സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അൽ മദീന ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്‍തത്. ഗൾഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാർത്തകളുണ്ട്.

ട്വിറ്ററിലൂടെ ഒരാൾ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, രാജ്യത്തെ തൊഴിൽ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ തരത്തിൽ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങൾ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകൾ ലഭിച്ചത്.

ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ‍ നാലര ദിവസം ജോലിയും രണ്ടര ദിവസം അവധിയുമെന്ന തരത്തിലേക്ക് 2022 ജനുവരി ഒന്നിനാണ് യുഎഇ മാറ്റം വരുത്തിയത്. സർക്കാർ ആഹ്വാനം അനുസരിച്ച് സ്വകാര്യ മേഖലയിലെ നിരവധി സ്ഥാപനങ്ങളും ഇത്തരത്തിലേക്ക് മാറുകയും ചെയ്‍തു. എന്നാൽ സ്വകാര്യ മേഖലയ്ക്ക് ഈ അവധി രീതി നിർബന്ധമാക്കിയിട്ടില്ല.

നിലവിൽ യുഎഇയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ 12 മണി വരെയുമാണ് പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും അവധിയാണ്. ഷാർജയിൽ വെള്ളിയാഴ്ചയും പൂർണമായി അവധി നൽകിയിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസത്തെ അവധി നടപ്പാക്കുന്ന കാര്യം പരിഗണിച്ച് വരികയാണെന്ന് ഒമാൻ തൊഴിൽ മന്ത്രാലയവും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: