Health

മദ്യം അരുതേ: ചായ. കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കൂ; വേനൽ ചൂടിൽ ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങള്‍

    വേനല്‍ക്കാല ഭക്ഷണം മറ്റ് കാലാവസ്ഥയിലെ ഭക്ഷണങ്ങളുമായി തികച്ചും വ്യത്യസ്തമാണ്. താപനില കൂടുന്നതിനാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യത കൂടുതലാണ്. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ കടുത്ത ചൂടിനെ നേരിടാൻ കഴിയൂ എന്നാണ് വിദഗ്‌ധ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. ഇടയ്ക്കിടെ ശുദ്ധമായ ജലം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ് ലായനികള്‍, ജ്യൂസുകള്‍, ലസി, സംഭാരം മുതലായ കുടിക്കാം. ഇത്തരം പാനീയങ്ങളില്‍ ഉപ്പ് ചേര്‍ത്ത് കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കും. ധാരാളം ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.

മദ്യം, ചായ , കാപ്പി, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ പൂർണമായും ഉപേക്ഷിക്കുക. പ്രൊട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. ഇത്തരം ഭക്ഷണങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ ഇവ നിര്‍ജലീകരണത്തിന് കാരണമാകും.

Signature-ad

വേനല്‍ക്കാലത്ത് നമ്മെ പിടികൂടാറുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്. വ്യത്യസ്തങ്ങളായ വൈറല്‍ പനികൾ കേരളമാകെ വ്യാപിച്ചു കഴിഞ്ഞു. ചെങ്കണ്ണ്, ചിക്കന്‍പോക്സ് തുടങ്ങിയ  രോഗങ്ങളും ചൂടുകാലത്ത് പതിവാണ്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.

ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്ന് ലിറ്റര്‍ വരെ വെള്ളം കുടിക്കാം.

നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റാമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം.

വയര്‍ നിറയെ ഭക്ഷണം കഴിക്കാതെ ഇടവേളകളിട്ട് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്മെലന്‍ എന്നിവ കഴിക്കുകക.

വിറ്റമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍.

മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ തടഞ്ഞുനിര്‍ത്തും.

സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും.

ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.

ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.

എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.

വേനലില്‍ ഉർജം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു.

ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം.

അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.

വേനല്‍ക്കാലത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടത് ഏറെ അത്യാവശ്യമാണ്.  ദിവസം രണ്ട് നേരം കുളിക്കുന്നത് നിര്‍ബന്ധമാണ്.

സൂര്യതാപം ഏല്‍ക്കാതിരിക്കാനും നിര്‍ജലീകരണം ഒഴിവാക്കാനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക. പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് കഴിയുന്നതും ഒഴിവാക്കുക. അത്യാവശ്യമെങ്കിൽ കുട ഉപയോഗിച്ചും ധാരാളം വെള്ളം കുടിച്ചും ഒരു പരിധിവരെ സുരക്ഷിതരാകാം.

Back to top button
error: