
ലക്നൗ: ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് വിൽക്കുന്ന എല്ലാ മുട്ടകളിലും എക്സ്പിയറി ഡേറ്റ് അടയാളപ്പെടുത്തൽ നിർബന്ധമാക്കുന്ന പുതിയ ഭക്ഷ്യ സുരക്ഷാ നിയമം ഉത്തർപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഉപഭോക്തൃ അവബോധം മെച്ചപ്പെടുത്തുന്നതിനും വിതരണ ശൃംഖലയിലുടനീളം മുട്ടയുടെ ഗുണമേന്മ നിരീക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സർക്കാറിന്റെ ഈ പുതിയ നിർദ്ദേശം. സംസ്ഥാനത്തിനുള്ളിൽ ഉൽപ്പാദിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന എല്ലാ മുട്ടകൾക്കും ഈ ഉത്തരവ് ബാധകമാണ്. അതോടൊപ്പം ഫാമുകളിലും മൊത്തക്കച്ചവട വിപണികളിലും റീട്ടെയിൽ യൂണിറ്റുകളിലും മുട്ടകൾ കൈകാര്യം ചെയ്യുന്ന രീതി മാറ്റുമെന്നും പ്രതീക്ഷിക്കുന്നു. യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
രണ്ട് സംസ്ഥാനങ്ങളിലായി നടന്ന പ്രധാന ഭക്ഷ്യ റെയ്ഡുകളിൽ 150 ടൺ കാലാവധി കഴിഞ്ഞ ഭക്ഷണവും മായം ചേർത്ത പനീറും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിൽ പുതിയ ഉത്തരവിറങ്ങിയത്. പുതിയ നിയമം അനുസരിച്ച്, മുട്ട ഉൽപ്പാദകരും വിതരണക്കാരും ഓരോ മുട്ടയിലും കോഴി മുട്ട ഇട്ട തിയതിയും പിന്നീട് 28 ദിവസം കഴിഞ്ഞുള്ള തിയതിയും രേഖപ്പെടുത്തണം. മുട്ടയിടുന്ന തീയതി മുതൽ 28 ദിവസത്തേക്ക് മുട്ടകൾ കഴിക്കാൻ സുരക്ഷിതമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നതായി യുപി ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കാലയളവിനുശേഷം വിൽക്കുന്ന ഏതൊരു മുട്ടയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടും. മുട്ടകൾ പായ്ക്കായിട്ടാണ്ടോ അല്ലാതെയോ നടത്തുന്ന വില്പനയ്ക്കും ഈ നിയമം ബാധനകമാണ്.
രണ്ട് തിയതികളും മുട്ടയുടെ പാക്കേജിംഗിൽ മാത്രമല്ല ഓരോ മുട്ടയുടെ പുറത്തും രേഖപ്പെടുത്തണമെന്നും നിയമത്തിൽ പറയുന്നു. സാധാരണയായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടീൻ സ്രോതസ്സുകളിൽ ഒന്നാണ് മുട്ട. എന്നാൽ ഇവയുടെ ഗുണമേന്മ നിർണ്ണയിക്കാൻ വിപണിയിൽ നിലവിൽ യാതൊരു മാനദണ്ഡവും ശക്തമല്ല. മുട്ട വാങ്ങുന്ന ഉപഭോക്താവിന് അവയുടെ കാലപ്പഴക്കം എത്രയാണെന്ന് അറിയാനുള്ള അവകാശമുണ്ടെങ്കിലും അത് സാധ്യമല്ല. ഇതിനാലാണ് ഇത്തരമൊരു ഏകീകൃത വില്പന സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 1 -ന് ശേഷം ആവശ്യമായ തീയതി അടയാളപ്പെടുത്താത്ത മുട്ടകൾ വില്പന നടത്തുന്നതായി കണ്ടെത്തിയാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പ്രകാരം പിഴ ചുമത്താൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.






