KeralaNEWS

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍; ഹയര്‍ സെക്കന്‍ഡറി 10 ന്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ആണ്‍കുട്ടികളുടെ എണ്ണം 2,13,801. പെണ്‍കുട്ടികളുടെ എണ്ണം 2,00,561. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. 2960 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. മൂല്യനിര്‍ണയം 70 ക്യാംപുകളില്‍ ഏപ്രില്‍ 3 മുതല്‍ 24വരെ നടക്കും. 18,000ല്‍ അധികം അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തും.

ഹയര്‍ സെക്കന്‍ഡറിയില്‍ 2023 പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. 4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതും. പരീക്ഷ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. ഒന്നിടവിട്ടാണ് പരീക്ഷ. 9.30 ന് പരീക്ഷ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ 3 മുതല്‍ മേയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാംപുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാംപുകള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. 25,000 അധ്യാപകരുടെ സേവനം മൂല്യനിര്‍ണയ ക്യാംപുകളില്‍ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുന്നത്. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും. 1 മുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ പരീക്ഷ മാര്‍ച്ച് 13ന് ആരംഭിച്ച് 30ന് അവസാനിക്കും.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ അനുഭവിക്കുന്ന വിവിധതരം സമ്മര്‍ദങ്ങള്‍ ലഘൂകരിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍സെക്കന്‍ഡറി വിഭാഗം ‘വി ഹെല്‍പ്പ്’ എന്ന പേരില്‍ ടോള്‍ ഫ്രീ ടെലിഫോണ്‍ സഹായകേന്ദ്രം ഇന്നലെ മുതല്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ ഫോണില്‍ കൗണ്‍സിലിങ് സഹായം ലഭ്യമാകും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി 180 042 528 44 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ടോള്‍ ഫ്രീ സേവനം പരീക്ഷ അവസാനിക്കുന്നതു വരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും ലഭ്യമാകും.

2023-24 അധ്യായന വര്‍ഷത്തെ പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ഒന്നാം വാല്യം ആകെ 2.81 കോടി പാഠപുസ്തകങ്ങളുടെ അച്ചടി ഉത്തരവ് നല്‍കി. അച്ചടി നിലവില്‍ പുരോഗമിക്കുകയാണ്. 9, 10 ക്ലാസുകളിലെ 40 ലക്ഷം പാഠപുസ്തകങ്ങള്‍ വിതരണത്തിനായി ജില്ലാ ഹബുകളില്‍ എത്തിച്ചിട്ടുണ്ട്. കുടുംബശ്രീ വഴിയാണ് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികള്‍ക്കും മധ്യവേനല്‍ അവധിക്കാലത്തേക്ക് 5 കിലോഗ്രാം അരി വീതം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 20 മുതല്‍ മുതല്‍ അരി വിതരണം ആരംഭിക്കും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: