KeralaNEWS

ബ്രഹ്‌മപുരത്ത് ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണയ്ക്കാന്‍ ശ്രമം; വ്യോമസേനയുടെ സഹായവും തേടും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളിലെ അഗ്നിബാധ ഉച്ചയോടെ നിയന്ത്രണവിധേയമായില്ലെങ്കില്‍ വ്യോമസേനയുടെ സഹായം തേടുമെന്ന് കലക്ടര്‍ ഡോ. രേണു രാജ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുഖേന വ്യോമസേനയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം നടക്കുകയാണ്.

വലിയ മാലിന്യകൂമ്പാരത്തില്‍ നിന്നും തീ ഉയരുന്ന ഭാഗങ്ങളിലാണ് ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. കൊച്ചി കോര്‍പറേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നാവികസേന ഹെലികോപ്ടറില്‍ വെള്ളമെത്തിച്ച് തീ അണക്കാനുള്ള ശ്രമം നടത്തുന്നത്. ഹെലികോപ്ടറുകളില്‍ വലിയ സംഭരണികളിലായാണ് വെള്ളമെത്തിക്കുന്നത്. കഴിഞ്ഞ നാല്‍പ്പത്തിയെട്ട് മണിക്കൂറുകളായി അഗ്നിബാധ തുടരുകയാണ്. നാവികസേനയുടെ കൂടുതല്‍ ഹെലികോപ്ടറുകളെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ബ്രഹ്‌മപുരത്തെ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ വെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നുണ്ട്. ആര്‍.ടി.ഒ. മുഖേനയാണ് ടാങ്കേഴ്സ് അസോസിയേഷനില്‍ നിന്നും ടാങ്കറുകള്‍ ലഭ്യമാക്കുന്നത്. റീജിയണല്‍ ഫയര്‍ ഓഫീസറുടെ കീഴില്‍ കൂടുതല്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. തീനാളങ്ങളുടെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും പുക വമിക്കുന്നത് തുടരുകയാണ്.

കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ പുകയില്‍ മുക്കി, ബ്രഹ്‌മപുരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൂര്‍ണ്ണമായും പുക പടര്‍ന്നിരിക്കുകയാണ്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കും പ്ലാസ്റ്റിക് പുക പടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, നഗരത്തിലെ മാലിന്യ നീക്കം നിലച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അനിയന്ത്രിതമായത്. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിക്കിടക്കുന്ന ഏക്കറുകണക്കിന് ഭാഗത്തേക്ക് തീ പടരുകയായിരുന്നു.

അഗ്നിബാധയെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കും.

Back to top button
error: