തലശ്ശേരി: കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കെ.എസ്.സി.എ ഇൻവിറ്റേഷൻ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി കണ്ണൂർ ജില്ലക്കാരനായ വരുൺ നായനാർ. കണ്ണൂർക്കാരനായ ദിജു ദാസാണ് കേരള ടീമിന്റെ സഹ പരിശീലകൻ 2019ൽ 19 വയസ്സിന് താഴെയുള്ള ഇന്ത്യൻ ടീം അംഗമായിരുന്നു വരുൺ.
2022-23 സീസണിൽ സി.കെ നായിഡു ട്രോഫിയിൽ കേരള ടീമിൽ കളിച്ചു. 2021-22 സീസണിൽ കേരള രഞ്ജി ട്രോഫി ടീമംഗമായിരുന്നു. 2021-’22 സീസണിൽ അണ്ടർ 23 ഇന്ത്യ എമേർജിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 14, അണ്ടർ 16 ,അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ കേരള ടീമിനെ വരുൺ നയിച്ചിട്ടുണ്ട്.
വലം കയ്യൻ ബാറ്റ്സ്മാനായ വരുൺ മികച്ച വിക്കറ്റ് കീപ്പർ കൂടിയാണ്. ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് താരമാണ്. കൂത്തുപറമ്പ് കരൽ കുടുംബാംഗമായ ദീപക് കരലിന്റേയും പയ്യന്നൂർ വേങ്ങയിൽ കുടുംബാംഗമായ പ്രിയയുടേയും മകനായ വരുൺ നായനാർ ജനിച്ചത് പയ്യന്നൂർ ആണെങ്കിലും വളർന്നത് ദുബായിലാണ്. സഹോദരൻ ഗോവിന്ദ് നായനാർ.
ആദ്യമായാണ് കേരള ടീമിലേക്ക് ദിജു ദാസ് നിയമിതനാകുന്നത്. ബി.സി.സി.ഐ ലെവൽ 1 സർട്ടിഫൈഡ് കോച്ചായ ദിജു ദാസ് നിലവിൽ വിവിധ കാറ്റഗറിയിൽ ഉള്ള കണ്ണൂർ ജില്ലാ ടീം പരിശീലകൻ ആണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കണ്ണൂർ ജില്ലാ ക്രിക്കറ്റ് അക്കാഡമി പരിശീലകനായും 19,16 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖലാ ടീം കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
എരഞ്ഞോളി കുടക്കളത്ത് ശ്രീദളത്തിൽ ദാസൻ – ബീന ദമ്പതികളുടെ മകനാണ് ബിരുദധാരിയായ ദിജു ദാസ്. ഭാര്യ: മഞ്ജുഷ.
ടൂർണമെന്റിൽ കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ഹുബ്ലിയിൽ കർണാടകയുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഷോൺ റോജറാണ് ടീം ക്യാപ്റ്റൻ.