കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയില്‍നിന്നു സ്വര്‍ണം കൈപ്പറ്റിയെന്ന പരാതിയില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം.ഷാജറിനെതിരേ പാര്‍ട്ടി അന്വേഷണം. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ മനു തോമസിന്റെ പരാതിയിലാണു പാര്‍ട്ടി അന്വേഷണം നടത്തുന്നത്. സി.പി.എമ്മിന്റെ രഹസ്യങ്ങള്‍ ആകാശിനു ഷാജര്‍ ചോര്‍ത്തുന്നു എന്നും പരാതിയിലുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനാണു പരാതി അന്വേഷിക്കുന്നത്.
ആകാശും ഷാജറും സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതമാണു പരാതി. അന്വേഷണ കമ്മിഷന്‍ പരാതിക്കാരനില്‍നിന്ന് മൊഴിയെടുത്തു. ആകാശ് തില്ലങ്കേരിക്കെതിരേ നിലപാട് വ്യക്തമാക്കിയെന്നും മാധ്യമങ്ങള്‍ വിഷയം അവസാനിപ്പിച്ചേക്കണം എന്നും തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ ഡി.വൈ.എഫ്.ഐ യുവനേതാവായ എം.ഷാജര്‍ പ്രസംഗിച്ചിരുന്നു. അതിനു പിന്നാലെയാണ് അന്വേഷണം. ഷാജര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് ആയിരുന്നു പരാതിക്കാരനായ മനു തോമസ് എന്നതും ശ്രദ്ധേയമാണ്.
ഷുഹൈബ് വധക്കേസില്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ ആകാശ് തില്ലങ്കേരിക്കു നോട്ടീസ് അയയ്ക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളുടെ പരാതിയില്‍ ആകാശിനെതിരേ സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനു മുഴക്കുന്ന് പോലീസും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്നതിനു മട്ടന്നൂര്‍ പോലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണു ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയെ സമീപിച്ചത്.