ന്യൂഡൽഹി: ശിവസേന എന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരേ ഉദ്ധവ് താക്കറെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാകും കേസ് പരിഗണിക്കുക. വിഷയം ചീഫ് ജസ്റ്റിസിനു മുന്നിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ പരാമർശിച്ചിരുന്നു. തുടർന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഹർജിയിൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് ശിവസേനയുടെ പേരും ചിഹ്നവും നൽകിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം. അതേസമയം, വിഷയത്തിൽ ഏക്നാഥ് ഷിൻഡെ വിഭാഗം സുപ്രീം കോടതിയിൽ തടസഹർജി (കേവിയറ്റ്) സമർപ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേൾക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിൻഡെ വിഭാഗം കേവിയറ്റ് ഹർജി നൽകിയിട്ടുള്ളത്.