IndiaNEWS

അമ്പും വില്ലും വിട്ടു കൊടുക്കാൻ മനസില്ല; പാർട്ടി ചിഹ്നവും പേരും ഷിൻഡേയ്ക്ക് നൽകിയതിനെതിരെ താക്കറെ സുപ്രീം കോടതിയിൽ

മുംബൈ: ശിവസേനയെന്ന പാർട്ടിയുടെ പേരും അമ്പും വില്ലും ചിഹ്നവും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരെ ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെതിരായ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും താക്കറെ വിഭാഗത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷയം നാളെ മെന്‍ഷന്‍ ചെയ്യാന്‍ സുപ്രീം കോടതി നിർദേശിച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവില്‍ വസ്തുതാപരമായ പിശകുണ്ടെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഉദ്ധവ് പക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ ഏകനാഫ് ഷിന്‍ഡെ വിഭാഗം സുപ്രീം കോടതിയില്‍ തടസഹർജി (കേവിയറ്റ്) സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കില്ലെന്ന് ഉറപ്പാക്കുന്നതിനായിട്ടാണ് ഷിന്‍ഡെ വിഭാഗം കേവിയറ്റ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

Signature-ad

ശിവസേന എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ചുകൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കോടികളുടെ ഇടപാട് നടന്നെന്ന് താക്കറെ പക്ഷം ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഏതാണ്ട് രണ്ടായിരം കോടിയുടെ ഇടപാട് നടന്നെന്നാണ് ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവത്ത് ആരോപിച്ചത്.

ശിവസേനയുടെ പേരും ചിഹ്നവും എടുത്തത് വെറുതേയല്ല, 6 മാസത്തിനുള്ളില്‍ 2000 കോടി രൂപയുടെ ബിസിനസ്സ് ഇടപാടാണ് നടന്നത്. ശിവസേനയുടെ എംഎല്‍എമാരെ വിലയ്ക്കെടുക്കാന്‍ 50 കോടിയാണ് ചെലവഴിച്ചത്. എംപിമാരെ വാങ്ങാന്‍ 100 കോടി, കൗണ്‍സിലര്‍മാരെ വാങ്ങാന്‍ 50 ലക്ഷം മുതല്‍ ഒരു കോടി വരെയും ചെലവിട്ടുവെന്നും റാവത്ത് ആരോപിച്ചു.

 

Back to top button
error: