ടോക്കിയോ: ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വീണ്ടും പരീക്ഷിച്ചതായി ഉത്തര കൊറിയ. ദക്ഷിണ കൊറിയയും അമേരിക്കയും നടത്തുന്ന സൈനിക അഭ്യാസങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ശനിയാഴ്ച ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്തെ കടലിലേക്ക് ഉത്തര കൊറിയ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചത്. അടുത്താഴ്ച വാഷിങ്ടണിലാണ് യു.എസും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം നടക്കുന്നത്.
ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ശനിയാഴ്ച രാവിലെ 8 മണിക്കാണ് മിസൈന്‍ വിക്ഷേപിക്കാന്‍ ഉത്തരവിട്ടതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നാണ് ബാലസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്.
മിസൈല്‍ വിക്ഷേപിച്ച് ഒരു മണിക്കൂറിലധികം കഴിഞ്ഞ് ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിനുള്ളില്‍ പതിച്ചതായും ജാപ്പനീസ് അധികൃതര്‍ സ്ഥിരീകരിച്ചു. വിക്ഷേപണത്തെ ജപ്പാന്‍ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിസിഹ്ദ പറഞ്ഞു.
എന്നാല്‍, കപ്പലുകള്‍ക്കോ വിമാനത്തിനോ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജപ്പാന്‍ അറിയിച്ചു. മിസൈല്‍ കടലില്‍ പതിക്കുന്നതിന് മുമ്പ് ഏകദേശം 900 കിലോമീറ്റര്‍ സഞ്ചരിച്ചിരുന്നു. ജനുവരി 1 ന് ശേഷമുള്ള ഉത്തരകൊറിയയുടെ ആദ്യ മിസൈല്‍ ആക്രമണം കൂടിയാണിത്.