പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൂട്ടഅവധിയെടുത്ത് ഉല്ലാസ യാത്രപോയ സംഭവത്തില്‍ സിപിഐയും സിപിഎമ്മും രണ്ടുതട്ടില്‍. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ രംഗത്തെത്തി. എം.എല്‍.എയുടെ നടപടി അപക്വമാണെന്ന് സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു. എന്നാല്‍, എം.എല്‍.എ. ചെയ്തത് നൂറ് ശതമാനം ശരിയായ കാര്യമെന്ന് വ്യക്തമാക്കി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തി.
ആകെ 63 ജീവനക്കാരുള്ള കോന്നി താലൂക്ക് ഓഫീസിലെ 39 പേരാണ് വെള്ളിയാഴ്ച അവധിയെടുത്തത് മൂന്നാറിലേക്ക് ഉല്ലാസയാത്ര പോയത്. ഇതില്‍ 17 പേര്‍ ഔദ്യോഗികമായി അവധിക്ക് അപേക്ഷിച്ച് ടൂര്‍ പോവുകയായിരുന്നു. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ ടൂര്‍ സംഘത്തിലുണ്ട്. ബാക്കി 22 പേര്‍ അനധികൃതമായി അവധിയില്‍ പ്രവേശിച്ചതായാണ് വിവരം. സംഭവം വാര്‍ത്തയായതിന് പിന്നാലെ എം.എല്‍.എ. ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. ഇത് ഇടതുപാളയത്തില്‍ തന്നെ അസ്വാരസ്യങ്ങള്‍ക്കിയെന്നാണ് സൂചന.
എ.ഡി.എമ്മിനെതിരേ രൂക്ഷ വിമര്‍ശനമാണ് എം.എല്‍.എ നടത്തിയത്. ഒച്ഛാനിച്ചു നില്‍ക്കലല്ല എം.എല്‍.എയുടെ പണി. ഞാന്‍ എന്റെ ജോലിയുടെ ഭാഗമാണ് നിര്‍വ്വഹിച്ചത്. ജീവനക്കാര്‍ നടത്തിയത് യാത്ര സ്‌പോണ്‍സേര്‍ഡ് യാത്രയാണെന്നും ജനീഷ് കുമാര്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കാശും വാങ്ങി പാറമട മുതലാളിയുടെ വണ്ടിയില്‍ വിനോദയാത്ര പോയ നെറികേടിനെതിരേ ഏതറ്റംവരെയും പോകുമെന്നും എം.എല്‍.എ പറഞ്ഞു. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോള്‍ എ.ഡി.എം സ്വീകരിച്ചിരിക്കുന്നത്. എ.ഡി.എം നടത്തിയിട്ടുള്ള അധിക്ഷേപത്തിനെതിരേ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിക്കും പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, എം.എല്‍.എയുടെ നടപടി അപക്വമെന്നാരോപിച്ച് സി.പി.ഐ. രംഗത്തെത്തി. എക്‌സിക്യൂട്ടിവ് അധികാരമുള്ള തഹസീല്‍ദാരുടെ കസേരയില്‍ എം.എല്‍.എ കയറിയിരുന്നതും രേഖകള്‍ പരിശോധിച്ചതും ശരിയാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്. അതൊരു അപക്വമായ നിലപാടായിപ്പോയി എന്നാണ് സി.പി.ഐയുടെ അഭിപ്രായം. റവന്യൂ വകുപ്പില്‍ എന്തോ വലിയ കുഴപ്പം നടക്കുന്നുണ്ട് എന്ന് ചിത്രീകരിക്കുന്ന സമീപനമാണ് എം.എല്‍.എയുടേത്. ഇതില്‍ പ്രതിഷേധമുണ്ടെന്നും സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍ പറഞ്ഞു.
എന്നാല്‍, എം.എല്‍.എയ്ക്ക് പൂര്‍ണ പിന്തുണയുമായി സി.പി.എം ജില്ലാ നേതൃത്വം രംഗത്തെത്തി. ഉല്ലാസയാത്ര ഒരു കാരണവശാലും അനുവദിക്കാന്‍ സാധിക്കില്ല. ആര് സംരക്ഷണം കൊടുക്കുന്നു എന്നതല്ല പ്രശ്‌നം. ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നത്തില്‍ എം.എല്‍.എ ഇടപെട്ടത് നൂറുശതമാനം ശരിയായ കാര്യം തന്നെയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു പറഞ്ഞു. സംഭവത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നായിരുന്നു കഴിഞ്ഞദിവസം റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കിയത്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.