കൊച്ചി: എടവണ്ണക്കാട് വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. നായരമ്പലം നെടുങ്ങാട് സ്വദേശി സനോജ് (42) ആണ് മരിച്ചത്. വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ സനോജിന്റെ സുഹൃത്ത് അനിലിനെ ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സനോജും സുഹൃത്തായ അനിലും തമ്മില്‍ വാഹനം വാങ്ങിയതിനെച്ചൊല്ലി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീടുണ്ടായ രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനില്‍, സനോജിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സനോജിനെ അനില്‍ തന്നെയാണ് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സനോജിന്റെ ഇടത് നെഞ്ചിലാണ് കുത്തേറ്റത്. കത്തി ഉപയോഗിച്ചാണ് കുത്തിയത്. അനിലിനെ ഞാറയ്ക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സനോജ്, അനില്‍ കുമാറിന്റെ വാഹനം വാങ്ങിയിരുന്നു. എന്നാല്‍, ഓണര്‍ഷിപ്പ് കൈമാറാന്‍ അനില്‍കുമാര്‍ തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.