KeralaNEWS

അന്വേഷണത്തെ എന്തിനു ഭയക്കണമെന്ന് ഹൈക്കോടതി; സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി തള്ളി

കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതി സൈബി ജോസ് കിടങ്ങൂരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. അറസ്റ്റ് തടയണം എന്ന ആവശ്യവും തള്ളിയ കോടതി അന്വേഷണത്തെ എന്തിനു ഭയക്കണമെന്നു ചോദിച്ചു. ആരോപണം ഗുരുതരമാണെന്നും ജുഡീഷ്യല്‍ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ് വിഷയമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രതിക്കെതിരേ ഉയര്‍ന്നിരിക്കുന്നതു ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ടു പോകട്ടെ എന്നു വ്യക്തമാക്കിയ കോടതി സത്യം പുറത്തു വരട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. ഹൈക്കോടതി ഹര്‍ജി തള്ളിയതോടെ അഭിഭാഷക സംഘടനാ നേതാവിന് കടുത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കേസില്‍ തെളിവുകളില്ലെന്നും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത് എന്ന വാദവും കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറിന് അഭിഭാഷകര്‍ നല്‍കിയത് വ്യാജ പരാതിയാണെന്നായിരുന്നു ഹര്‍ജിയില്‍ സൈബിയുടെ വാദം.

Signature-ad

കേസിന്റെ എഫ്.ഐ.ആര്‍ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും വഞ്ചനാകുറ്റവുമാണ് സൈബിയ്‌ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. ഹൈക്കോടതി വിധി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞു ജഡ്ജിമാര്‍ക്കു കൊടുക്കണം എന്നു പറഞ്ഞ് കക്ഷികളില്‍ നിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയെന്നാണ് പ്രതിക്കെതിരായ കേസ്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പ്രാഥമികാന്വേഷണം നടത്തിയതിനു ശേഷം എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സൈബിയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

 

Back to top button
error: