ധാക്ക: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്‌ളാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം. വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളായ ധന്തല, പരിയ, ചാരുള്‍ എന്നിവിടങ്ങളിലെ 14 ഹിന്ദു ക്ഷേത്രങ്ങളാണ് ഒറ്റരാത്രികൊണ്ട് അക്രമികള്‍ തകര്‍ത്തത്. വിഗ്രഹങ്ങളില്‍ ഒട്ടുമുക്കാലും നശിപ്പിക്കപ്പെട്ടു. ചിലത് ക്ഷേത്രങ്ങള്‍ക്ക് തൊട്ടടുത്തുള്ള കുളങ്ങളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്.
രാത്രിയുടെ മറപറ്റിയെത്തിയവരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുസ്ലീം- ഹിന്ദു വിഭാഗങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഇല്ലാത്തിടത്താണ് അക്രമം ഉണ്ടായത്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നു പോലീസ് അറിയിച്ചു.
ബംഗ്‌ളാദേശില്‍ ഹിന്ദു ആരാധനാലയങ്ങള്‍ക്കുനേരെ ആക്രമണം ഉണ്ടാകുന്നത് ആദ്യമായല്ല. 2021 ല്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങള്‍ക്കു നേരെ വ്യാപകമായ ആകമണമുണ്ടായിരുന്നു. ബംഗ്‌ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂര്‍ ജില്ലയിലെ പിര്‍ഗോഞ്ച് ഉപാസിലാ ഗ്രാമത്തിലാണ് അന്ന് വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്. യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചുള്ള വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് സംഘര്‍ഷം ഉടലെടുത്തത്. ആരോപണ വിധേയനായ യുവാവിന്റെ വീടിന് തൊട്ടടുത്തുള്ള നിരവധി വീടുകളും അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.