Life StyleNEWS

നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ‘നൈസായി’ തേച്ചു; മുന്‍ കാമുകിക്കെതിരേ കേസുകൊടുത്ത് യുവാവ്

വിടെ പ്രണയമുണ്ടോ അവിടെ തേപ്പും ഉണ്ടാകുമെന്നാണ് ‘വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി’ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, അങ്ങനെയങ്ങ് തേച്ചിട്ടു പോയാല്‍ വെറുതെ വിടാന്‍ കഴിയില്ല എന്നാണ് ഈ സിംഗപ്പൂരുകാരന്‍ പറയുന്നത്. തന്നെ തേച്ചുപോയ കാമുകിക്കെതിരേ വൈകാരിക ആഘാതത്തിനു 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്തിരിക്കുകയാണ് കഥാനായകന്‍.

ഡ്രോണ്‍ കമ്പനിയായ ഡി1 റേസിംഗിലെ ഡയറക്ടര്‍ കെ. ക്വാഷിഗന്‍ ആണ് തന്നെ തേച്ചിട്ടു പോയ കാമുകി നോറ ടാന്‍ ഷു മീക്കെതിരെ രണ്ട് കേസുകള്‍ നല്‍കിയിരിക്കുന്നത്. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഉപേക്ഷിച്ചു പോയ കാമുകിയുടെ നടപടി വൈകാരികമായി തന്നെ തളര്‍ത്തി എന്നും അത് തന്റെ സത്കീര്‍ത്തിയെ പ്രതികൂലമായി ബാധിച്ചു എന്നും, ചുരുങ്ങിയത് അഞ്ച് ബിസിനസ്സ് ഇടപാടുകള്‍ എങ്കിലും നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.

ഇതിനെതിരേ കാമുകി ടാനും മറ്റൊരു കേസ് കൊടുത്തിട്ടുണ്ട്. ഏതു സമയത്തും ക്വാഷിംഗില്‍ നിന്നും ആക്രമണം ഭയന്നാണ് താന്‍ കഴിയുന്നതെന്നും, ക്വാഷിംഗില്‍ നിന്നും സ്വയരക്ഷക്കായി വീടിന്റെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നു എന്നും, മാനസിക പിരിമുറുക്കം കാരണം നിരവധി തവണ കൗണ്‍സിലിംഗിന് വിധേയമാകേണ്ടി വന്നു എന്നും അവര്‍ പറയുന്നു. ഈ ചെലവെല്ലാം ക്വാഷിങ് വഹിക്കണം എന്നാവശ്യപ്പെട്ടാണ് ടാന്‍ കേസ് നല്‍കിയിരിക്കുന്നത്.

തന്റെ വീട്ടില്‍ ഡിജിറ്റല്‍ ഡോര്‍ വ്യുവര്‍ ഘടിപ്പിക്കേണ്ടി വന്നു എന്നും അതോടൊപ്പം അലാം സെന്‍സര്‍, സ്മാര്‍ട്ട് വീഡിയോ ഡോര്‍ബെല്‍ എന്നിവയും ഘടിപ്പിച്ചു എന്നും ഇതിനൊക്കെ കൂടി 900 പൗണ്ട് വരെ ചെലവായെന്നും അവര്‍ പറയുന്നു. മാത്രമല്ല, ഇതുവരെ നടന്ന കൗണ്‍സിലിങ് സെഷനുകളുടെയും ഇനി ഭാവിയില്‍ ആവശ്യമായി വന്നേക്കാവുന്നതിന്റെയും ചെലവുകളും ക്വാഷിഗന്‍ വഹിക്കണം എന്നാണ് ടാന്‍ ആവശ്യപ്പെടുന്നത്.

ആദ്യം ക്വാഷിഗന്‍ ടാനിനെതിരെ 22,000 സിംഗപ്പൂര്‍ ഡോളറിനുള്ള കേസായിരുന്നു നല്‍കിയത്. തങ്ങളുടെ ബന്ധം മെച്ചപ്പെടുത്താം എന്ന വാഗ്ദാനത്തില്‍ നിന്നും ടാന്‍ പുറകോട്ടുപോയി എന്നാരോപിച്ചായിരുന്നു കേസ് നല്‍കിയത് എന്ന് ചാനല്‍ ന്യുസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇത് മജിസ്‌ട്രേറ്റ് കോടതിയില്‍ തള്ളിപ്പോവുകയായിരുന്നു. അപ്പോഴാണ് വൈകാരിക പിരിമുറുക്കവും ബിസിനസ്സ് നഷ്ടവും കാണിച്ച് 3 മില്യണ്‍ സിംഗപ്പുര്‍ ഡോളറിന്റെ നഷ്ടപരിഹാരത്തിനായി ഇയാള്‍ വീണ്ടും കേസ് നല്‍കിയത്. സിംഗപ്പൂര്‍ ഹൈക്കോടതി ഈ കേസ് വിചരണക്കായി ഫെബ്രുവരി 9 ലേക്ക് മാറ്റിയിട്ടുണ്ട്.

2016-ല്‍ ആയിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. ഇവര്‍ക്കിടയില്‍ സൗഹൃദം വളര്‍ന്നു. എന്നാല്‍, എങ്ങനെയാണ് ഈ ബന്ധത്തെ നോക്കി കാണുന്നത് എന്ന രീതിയില്‍ വിയോജിപ്പുണ്ടായതിനെ തുടര്‍ന്നായിരുന്നു തങ്ങള്‍ തമ്മില്‍ അകന്നതെന്ന് ടാന്‍ പറയുന്നു. ക്വാഷിഗാനെ ഒരു സുഹൃത്തായി മാത്രമേ കണ്ടിരുന്നുള്ളു. എന്നാല്‍, അത് പ്രണയബന്ധമാക്കി മാറ്റുവാന്‍ ക്വാഷിഗന്‍ ആഗ്രഹിച്ചപ്പോഴായിരുന്നു താന്‍ അതില്‍ നിന്നൊഴിഞ്ഞതെന്നും അവര്‍ പറയുന്നു.

Back to top button
error: