NEWSWorld

ബ്രിട്ടനില്‍ സത്താന്‍ സേവകരുടെ എണ്ണം കുതിച്ചുയരുന്നു; സാത്താനിക വിശ്വാസത്തിന്റെ കേന്ദ്രമായി ‘ബണ്‍ഗേ’

സാത്താന്‍ സേവക്കാര്‍ ഭൂരിപക്ഷമായ ഒരു പട്ടണം!!! സങ്കല്‍പ്പിക്കാന്‍ അല്‍പം ബുദ്ധിമുട്ട് തോന്നുമെങ്കിലും സംഗതി ഏറെക്കുറെ സത്യമാണ്. ഇംഗ്ലണ്ടിന്റെ ഭാഗമായ സഫോക്കിലെ ഒരു കൊച്ചുപട്ടണം ഇന്ന് സാത്താന്‍ മതക്കാരുടെ തലസ്ഥാനമായി മാറിയിരിക്കുന്നു. ബണ്‍ഗേ എന്ന ഈ പട്ടണത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും സാത്താനെ ആരാധിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. സാത്താനെ ആരാധിക്കുന്നു എന്നു മാത്രമല്ല, അക്കാര്യം അവര്‍ തുറന്നു പറയുകയും ചെയ്യുന്നു.

2021 ലെ സെന്‍സസില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്കുകള്‍ പറയുന്നത് 8500 പേര്‍ മാത്രമുള്ള ഈ പ്രദേശത്ത് 70 പേര്‍ സാത്താന്‍ മതക്കാരാണെന്നാണ് അവകാശപ്പെട്ടിരിക്കുന്നത്. അതായത്, 120 പേരില്‍ ഒരാള്‍ വീതം സാത്താനെ ആരാധിക്കുന്നു എന്ന് ചുരുക്കം. ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി വരുമിത്.

Signature-ad

വലിയൊരു വിഭാഗം യുവാക്കള്‍ പരമ്പരാഗത മതങ്ങളില്‍ നിന്നും വിട്ട് സാത്താനിസത്തിലേക്ക് തിരിയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് ഈ കണക്കുകള്‍ പുറത്തു വരുന്നത്. മാത്രമല്ല, രേഖകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പരിശോധിച്ചാല്‍ ഇതാദ്യമായി ബ്രിട്ടനില്‍ ക്രിസ്തുമതത്തിന് ഭൂരിപക്ഷം ഇല്ലാതായ സാഹചര്യം കൂടിയാണിത്.

ഈ ചെറുപട്ടണത്തില്‍ ഇത്രയധികം സാത്താന്‍ സേവക്കാരുണ്ടെന്ന വിവരം തന്നെ ഞെട്ടിച്ചു എന്നാണ് ബണ്‍ഗേ മേയര്‍ ടോണി ഡൗണ്‍സ് പറയുന്നത്. തന്റെ അറിവില്‍ ഈ പട്ടണത്തില്‍ ഒരു സാത്താന്‍ ആരാധകനെ പോലും താന്‍ കണ്ടുമുട്ടിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. പട്ടണത്തിലെ പള്ളികള്‍ക്ക് എല്ലാം നല്ല പിന്തുണ ലഭിക്കുന്നുണ്ട് എന്നു പറഞ്ഞ അദ്ദേഹം, ലോക്ക്ഡൗണ്‍ കാലത്ത് വെറുതെയിരുന്ന ജനം വേറെ നല്ലതൊന്നും ചെയ്യാനില്ലാത്തതിനാല്‍ സെന്‍സസ് ഫോമില്‍ സാത്താന്‍ മതം എന്ന് എഴുതിയതാവാം എന്നും പറഞ്ഞു.

മറ്റു ചിലര്‍ പറയുന്നത് പ്രാദേശികമായി നിലനില്‍ക്കുന്ന ഒരു ഐതിഹ്യമാകാം ഇവിടെ സാത്താന്‍ സേവക്കാര്‍ കൂടുതല്‍ ഉണ്ടാകാന്‍ കാരണമെന്നാണ്. സാത്താന്‍ ഒരുനാള്‍, ബ്ലാക്ക് ഷക്ക് എന്ന് പേരുള്ള ഒരു കൂറ്റന്‍ കറുത്ത നായയുടെ രൂപമെടുത്തു വരും എന്നാണ് ആ ഐതിഹ്യം. 1577-ല്‍ അത്തരത്തില്‍ രൂപം മാറി വന്ന സാത്താന്‍ ഇവിടെയുള്ള സെയിന്റ് മേരീസ് പള്ളിയില്‍ ഭീകരാവസ്ഥ സൃഷ്ടിച്ചതായും ഐതിഹ്യത്തില്‍ പറയുന്നു.

എന്നാല്‍, പട്ടണത്തില്‍ സാത്താന്‍ സേവക്കാര്‍ ഉണ്ടെന്നുള്ളതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല എന്നാണ് സെയിന്റ് മേരീസ് പള്ളിയിലെ മാര്‍ട്ടിന്‍ ഇവാന്‍സ് പറയുന്നത്. അത്തരമൊരു കാര്യം എന്തിനാണ് സെന്‍സസില്‍ പരാമര്‍ശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗ്ലോബല്‍ ഓര്‍ഡര്‍ ഓഫ് സാത്താന്‍ യു.കെയുടെ വക്താവ് പറഞ്ഞത് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് അവരുടെ ഗ്രൂപ്പിനുണ്ടായത് 200 ശതമാനം വളര്‍ച്ചയാണ് എന്നാണ്. പുതിയതായി എത്തുന്നവരില്‍ കൂടുതലും യുവാക്കളാണെന്നും വക്താവ് അറിയിച്ചു.

 

Back to top button
error: