CrimeNEWS

പതിനേഴായിരം രൂപയുടെ ഫോണിന്റെ ഒരു മാസത്തെ ഇഎംഐ മുടങ്ങി; ബജാജ് ഫിൻസെർവിന്റെ ജീവനക്കാർ വീട് കയറി മ‍ർദ്ദിച്ചെന്ന് പരാതി, പണം പിരിക്കുന്നത് പുറത്തുള്ള ഏജൻസിയാണെന്നും അക്രമത്തിൽ പങ്കില്ലെന്നും കമ്പനി

കൊല്ലം: ലോൺ തിരിച്ചടവ് മുടങ്ങിയതിന് ദമ്പതികളെ വീട് കയറി അക്രമിച്ചതായി പരാതി. കൊല്ലം പള്ളിമുക്ക് സ്വദേശിയായ സിദ്ദീഖിനും ഭാര്യ ആശയ്ക്കുമാണ് ബജാജ് ഫിൻസെർവ് ജീവനക്കാരുടെ മർദ്ദനമേറ്റത്. വീട്ടമ്മയുടെ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. തവണ വ്യവസ്ഥയിൽ വാങ്ങിയ സ്മാർട്ട് ഫോണിന്റെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനാണ് കഴിഞ്ഞ ദിവസം ദമ്പതികളെ ബജാജ് ഫിൻസെർവിന്റെ ജീവനക്കാർ വീട് കയറി മ‍ർദ്ദിച്ചത്.

പതിനേഴായിരം രൂപയുടെ ഫോണ്‍ ആറു മാസത്തെ തിരിച്ചടവിനാണ് ദമ്പതികൾ വാങ്ങിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നതിനാൽ സിദ്ദീഖിന് ജനുവരി മാസത്തെ തിരിച്ചടവ് മുടങ്ങി. ഇതേച്ചൊല്ലി ജീവനക്കാരുമായി ഫോണിലൂടെ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ നാലംഗ സംഘം വീട്ടിൽ കയറി അക്രമിക്കുകയായിരുന്നുവെന്നാണ് ഇരുവരുടേയും ആരോപണം.

ആശയുടെ വസ്ത്രം വലിച്ചു കീറുകയും സിദ്ദീഖിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് കുടുംബം പറയുന്നത്. തന്റെ മകൾക്ക് നേരെയും ജീവനക്കാ‍ർ ഭീഷണി മുഴക്കിയെന്നും സിദ്ദീഖ് ആരോപിക്കുന്നു. ദമ്പതികളുടെ പരാതിയിൽ ഇരവിപുരം പൊലീസ് രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. വീട്ടിൽ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്. അതേസമയം പുറത്തുള്ള ഏജൻസിയെയാണ് പണം പിരിക്കാൻ ഏൽപ്പിച്ചിരിക്കുന്നതെന്നും അക്രമത്തിൽ പങ്കില്ലെന്നുമാണ് ബജാജ് ഫിൻസെര്‍വ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിശദീകരണം.

Back to top button
error: