IndiaNEWS

ജമ്മുവില്‍ ഇരട്ട സ്‌ഫോടനം: 6 പേര്‍ക്ക് പരുക്ക്; ഭീകരാക്രമണമെന്ന് പൊലീസ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നര്‍വാള്‍ മേഖലയിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. പ്രദേശം മുഴുവന്‍ വളഞ്ഞിരിക്കുകയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. പരുക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണു വിവരം. സംഭവം ഭീകരാക്രമണമാണെന്നു പോലീസ് സ്ഥിരീകരിച്ചു. റിപ്പബ്ലിക് ദിനത്തിനു മുന്‍പ് ആക്രമണസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം, സംഭവ സ്ഥലത്ത് എന്‍.ഐ.എ സംഘം എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ വ്യക്തമായിട്ടില്ല. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ട്. സ്‌ഫോടനങ്ങളെ അപലപിച്ച ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പരുക്കേറ്റവര്‍ക്ക് 50,000 രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിച്ചിരിക്കുന്ന അവസരത്തില്‍ ഉണ്ടായ ഭീകരാക്രമണം ആശങ്കയുണ്ടാക്കുന്നുണ്ട്. ജമ്മുവിലെ വ്യവസായ മേഖലയായ നര്‍വാള്‍ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ജോഡോ യാത്രയെത്തുടര്‍ന്ന് മേഖലയില്‍ എങ്ങും ശക്തമായ സുരക്ഷ ഒരുക്കിയ പശ്ചാത്തലത്തിലാണ് ആക്രമണം. നിലവില്‍ ജമ്മുവില്‍നിന്ന് 60 കിലോമീറ്റര്‍ ദൂരെയുള്ള ചധ്വാളിലാണ് യാത്ര ഇപ്പോള്‍. ജനുവരി 30ന് ശ്രീനഗറില്‍ യാത്ര അവസാനിക്കും.

 

 

 

Back to top button
error: