ന്യൂഡല്‍ഹി: ഇന്ത്യയില്‍ 2047 ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാന്‍ പോപ്പുലര്‍ ഫ്രണ്ട് (പി.എഫ്.ഐ) ലക്ഷ്യമിട്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍.
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാനായി സര്‍വീസ് ടീമും കില്ലര്‍ ടീമും പോപ്പുലര്‍ ഫ്രണ്ട് രൂപീകരിച്ചിരുന്നു. ആയുധ വിതരണം, സംഘടനാ നേതാക്കളുടെ നിരീക്ഷണം എന്നിവയ്ക്കാണ് സര്‍വീസ് ടീം രൂപീകരിച്ചത്. കൊലപാതകമുള്‍പ്പെടെയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ക്കുവേണ്ടിയാണ് കില്ലര്‍ ടീമിനെ രൂപീകരിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിലെ പ്രധാന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് രണ്ടു ടീമുകളും പ്രവര്‍ത്തിച്ചിരുന്നത്. സമൂഹത്തില്‍ ഭീതിയുണ്ടാക്കുക, അസ്വസ്ഥത ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടുകൂടിയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിച്ചിരുന്നതെന്നും എന്‍ഐഎ പറയുന്നു. പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രത്യേക കോടതിയില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. 20 പേരാണ് കേസിലെ പ്രതികള്‍. ഇതില്‍ ആറുപേര്‍ ഒളിവിലാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈ 26 നാണ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടത്. മുഹമ്മദ് ഷിയാബ്, അബ്ദുല്ല ബഷീര്‍, റിയാസ്, മുസ്തഫ പായിച്ചാര്‍, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, എം.നൗഫല്‍, ഇസ്മായില്‍ ഷാഫി, കെ.മഹമ്മദ് ഇഖ്ബാല്‍, എം.ഷഹീദ്, ജി.മഹമ്മദ് ഷഫീഖ്, ഉമ്മര്‍ ഫാറൂഖ്, അബ്ദുല്‍ കബീര്‍, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ.സൈനുല്‍ ആബിദ്, ഷെഖ് സദ്ദാം ഹുസൈന്‍, സാക്കിയാര്‍, എന്‍.അബ്ദുല്‍ ഹാരിസ്, എം.എച്ച്.തുഫൈല്‍ എന്നിവരാണ് കുറ്റപത്രത്തിലെ പ്രതികള്‍. ഇതില്‍ മുസ്തഫ പായിച്ചാര്‍, കെ.എ.മസൂദ്, കൊഡാജെ മുഹമ്മദ് ഷെരീഫ്, അബൂബക്കര്‍ സിദ്ദിഖ്, ഉമ്മര്‍ ഫാറൂഖ്, എം.എച്ച്.തുഫൈല്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.