KeralaNEWS

വീണ്ടും പോരിന് കളമൊരുങ്ങുന്നു, മലയാളം സർവ്വകലാശാല വിസി നിയമനം: ഗവർണറെ മറികടന്ന് സെർച്ച്‌ കമ്മിറ്റിയെ നിയോഗിക്കാൻ സർക്കാർ 

തിരുവനന്തപുരം: മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ ഗവർണറെ മറികടന്ന് സെർച്ച്‌ കമ്മിറ്റിയെ നിയോഗിക്കാൻ സംസ്ഥാന സർക്കാർ. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി.

ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാരിന്റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിന്റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിലുണ്ടാകും. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണർ ഒപ്പിട്ടിട്ടില്ല. സർക്കാർ ആവശ്യം ഗവർണർ തള്ളിക്കളയുമെന്ന് ഉറപ്പാണ്.

നിയമസഭ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പു വച്ചെങ്കിലേ നിയമമാവൂ എന്നിരിക്കെയാണ് സർക്കാരിന്റെ അസാധാരണ നടപടി.സെർച്ച് കമ്മിറ്റിയിലേക്ക് ചാൻസലറുടെ പ്രതിനിധിയെ ഉടൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബുധനാഴ്ച കത്ത് നൽകുകയും ചെയ്തു. സർക്കാർ ആവശ്യത്തിൽ ​ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

നിയമസഭ പാസാക്കിയ ബിൽ പ്രകാരം, വി.സി. നിയമനത്തിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടനയിൽ മാറ്റം വരുത്തി സംസ്ഥാന സർക്കാരിന്റെ രണ്ട് പ്രതിനിധികളെ അധികമായി ഉൾപ്പെടുത്തി. നിലവിൽ ഗവർണറുടേയും യു.ജി.സിയുടേയും യൂണിവേഴ്സിറ്റി സെനറ്റിന്റെയും പ്രതിനിധികളുള്ള മൂന്നംഗ കമ്മിറ്റിയാണ്. സെർച്ച് കമ്മിറ്റി കൺവീനറായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും, സർക്കാർ നിശ്ചയിക്കുന്ന മറ്റൊരാളുമെത്തുന്നതോടെ അഞ്ചംഗ കമ്മിറ്റിയാവും. കൺവീനറുൾപ്പെടെ മൂന്നു പേരും സർക്കാർ പ്രതിനിധികൾ. നേരത്തേ, പാനലിൽ അഭിപ്രായൈക്യം ഉണ്ടായില്ലെങ്കിൽ മൂന്ന് അംഗങ്ങൾക്കും മൂന്ന് പേരുള്ള പാനലുകൾ പ്രത്യേകം സമർപ്പിക്കാമായിരുന്നു. ബിൽ ഭേദഗതിയനുസരിച്ച് കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാന പ്രകാരം ഒരു ലിസ്റ്റ് മാത്രമാവും സമർപ്പിക്കുക. ചാൻസലർ അതിൽ നിന്ന് ഒരു മാസത്തിനകം നിയമനം നടത്തണം. ഇതോടെ, വൈസ് ചാൻസലർ നിയമനത്തിൽ സ്വന്തം തീരുമാനം നടപ്പാക്കാൻ ഗവർണർക്ക് കഴിയാതെ വരും. വൈസ് ചാൻസലറുടെ പ്രായപരിധി അറുപതിൽ നിന്ന് 65 വയസായി ഉയർത്തിയിട്ടുമുണ്ട്. അതേ സമയം,സെർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ അറിയിച്ചു.

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് സർക്കാർ ഗവർണറെയും, പിന്നാലെ രാജ്ഭവനിൽ റിപ്പബ്ലിക് ദിന സത്കാരത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവർണറും ക്ഷണിച്ചതോടെ മയപ്പെട്ടെന്ന് കരുതിയ സർക്കാർ ഗവർണർ പോരാണ് വീണ്ടും സജീവമാകുന്നത്.

Back to top button
error: