പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി.ടി സെവനെ (പാലക്കാട് ടസ്‌കര്‍ 7) പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. പുലര്‍ച്ചെ നാലിന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള ആര്‍.ആര്‍.ടി സംഘം ആനയെ തെരഞ്ഞ് വനത്തിലേക്ക് പുറപ്പെട്ടു. ആനയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു.
ആന ഉള്‍ക്കാട്ടിലേക്ക് നീങ്ങിയതാനാല്‍ മയക്കുവെടിവയ്ക്കുന്ന നടപടിയിലേക്ക് കടന്നില്ല. ആനയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൃത്യമായ നീരിക്ഷണത്തിന് ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക.
സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി സെവനെ കണ്ടെത്തിയാല്‍ മയക്കു വെടിവച്ച് പിടികൂടും. കൂടിന്റെ ബലപരിശോധന ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, പി.ടി 7നെ പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ ജനത്തിന് വലിയ ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
സ്ഥിതിഗതികള്‍ അനുകൂലമെങ്കില്‍, നാലുവര്‍ഷമായി നാടിനെ നട്ടം തിരിച്ച കാട്ടുകൊമ്പന് ഇന്നു രാത്രി ആനക്കൊട്ടിലിലാവും അന്തിയുറക്കം. വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ചുക്കാന്‍ പിടിക്കുന്നത്.