അരവിന്ദിന് ബൈക്കുകളോട് വലിയ കമ്പമായിരുന്നു. മൂന്ന്മാസം മുന്‍പാണ് ഹോണ്ടയുടെ പുതിയ സീരിസായ ഹോണ്ട ഹൈനസ് ബൈക്ക് വീട്ടുകാര്‍ വാങ്ങി നല്‍കിയത്. ആ ബൈക്കിൽ സഹോദരിയെ ട്യൂഷന് കൊണ്ടാക്കി മടങ്ങവെയാണ് കോട്ടയം നാട്ടകത്തെ മറിയപ്പള്ളിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 20കാരനായ അരവിന്ദ് എന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം സംഭവിച്ചത്.
കിളിരൂര്‍ എസ്.എന്‍.ഡി.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില അദ്ധ്യാപകരായ ചെങ്ങളം സൗത്ത് വാഴക്കൂട്ടത്തില്‍ അനീഷ് ആര്‍.ചന്ദ്രൻ- ജിജി ദമ്പതികളുടെ മകന്‍ അരവിന്ദ് ആര്‍. അനീഷ് ആണ് ബൈക്കപകടത്തിൽ മൽരിച്ചത്. മാന്നാനം കെ.ഇ കോളേജ് ബി.എ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ഇന്നലെ വൈകിട്ട് ആറരയോടെ എം.സി റോഡില്‍ നാട്ടകം മറിയപ്പള്ളിയ്ക്കും വില്ലേജ് ഓഫീസിനും മദ്ധ്യേയുള്ള ഇറക്കത്തിലാണ് അപകടം. ചങ്ങനാശേരി ഭാഗത്ത് നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബൈക്കും എതിര്‍ ദിശയിലെത്തിയ ഐഷര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അരവിന്ദ് തൽക്ഷണം മരിച്ചു.
തലച്ചോര്‍ റോഡില്‍ ചിതറിയ നിലയിലായിരുന്നു. ചാലുകുന്നില്‍ സഹോദരിയെ ട്യൂഷന് കൊണ്ടാക്കിയ ശേഷം പള്ളത്തിന് പോയി മടങ്ങവെയാണ് അപകടം സംഭവിച്ചത്. പത്തുമിനിറ്റ് എം.സി റോഡില്‍ തന്നെ കിടന്ന മൃതദേഹം ചിങ്ങവനം പൊലീസ് എത്തി 108 ആംബുലന്‍സ് വിളിച്ച് വരുത്തിയാണ് കോട്ടയം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ബൈക്ക് രണ്ടായി ഒടിഞ്ഞിരുന്നു
അപകടത്തില്‍ മകന്‍ മരിച്ചതറിയാതെ അവന്റെ ഫോണിലേക്ക് പിതാവ് വിളിച്ചു. ഫോണ്‍ എടുത്തതാകട്ടെ പൊലീസ് ഉദ്യോഗസ്ഥരും. ബൈക്കിനുള്ളില്‍ നിന്ന് ലഭിച്ച ഫോണ്‍ പരിശോധിച്ചുകൊണ്ടിരന്നപ്പോഴാണ് പിതാവിന്റെ കോൾ വന്നത്.
സമാന സ്ഥലത്ത് ഒരു വര്‍ഷം മുന്‍പ് ബൈക്ക് അപകടത്തില്‍ ദമ്പതികളും മരിച്ചിരുന്നു. വളവും ഇറക്കവും നിറഞ്ഞ റോഡില്‍ വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തതും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.
മരിച്ച അരവിന്ദിൻ്റെ സഹോദരി ലക്ഷ്മി. മൃതദേഹം കോട്ടയം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍.