മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതിന്റെ പേരില്‍ 12 വയസ്സുകാരനെ ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി ഇടിച്ചുവീഴ്ത്തി ചവിട്ടി തുടയെല്ല് പൊട്ടിച്ചെന്ന കേസില്‍ പ്രതി പിടിയില്‍. വാഴേങ്കട കുനിയന്‍കാട്ടില്‍ അഷ്റഫ് (49) ആണ് അറസ്റ്റിലായത്. ആദ്യം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ഇന്നലെ ഉച്ചയോടെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കു മാറ്റി ശസ്ത്രക്രിയ നടത്തി.
ഞായറാഴ്ച തൂത വാഴേങ്കടയിലാണു സംഭവം. കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്‌റഫ് പിന്തുടര്‍ന്നെത്തി ആക്രമിച്ചത്. അവശനിലയിലായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
തന്നെ മര്‍ദിച്ചതിനു ശേഷം മറ്റൊരു കുട്ടിയെ മര്‍ദിക്കാന്‍ ശ്രമിച്ച സ്ഥലമുടമയുടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയെന്നും സ്ഥലമുടമയ്ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും കുട്ടി പറയുന്നു. അഷ്‌റഫ് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.