KeralaNEWS

സി.പി.ഐ നേതാവിനും ഭര്‍ത്താവിനും ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുക്കണം; തൊഴിലുറപ്പ് തൊഴിലാളികളോട് പണം ആവശ്യപ്പെട്ട് വോയിസ് മെസേജ്, വിവാദം

കൊല്ലം: ഡല്‍ഹിയില്‍ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിന്റെ ചെലവിലേക്കുള്ള പണം പിരിച്ചു നല്‍കണം എന്ന അഞ്ചല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വനിതാ നേതാവുമായ ആനി ബാബു തൊഴിലുറപ്പ് തൊഴിലാളികളോട് ആവശ്യപ്പെട്ടതായി ആക്ഷേപം. സി.പി.ഐ വനിതാ നേതാവ് പാര്‍ട്ടി ഗ്രൂപ്പിലേക്ക് അയച്ച ശബ്ദസന്ദേശം പുറത്തായതോടെ പഞ്ചായത്തിലും പുറത്തും വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. ജനുവരി 20 നാണ് മാര്‍ച്ച്.

അഞ്ചലില്‍ നിന്നും താനും ഡല്‍ഹിക്ക് പോകുന്നുണ്ട്. ഭര്‍ത്താവും ഒപ്പമുണ്ട്. ഇതിലേക്ക് 45,000 രൂപ ചിലവു വരും. ഇത് ഉടന്‍ അടയ്ക്കുന്നതിനായി പണം എല്ലാവരും നല്‍കണം എന്നാണു വാട്‌സാപ് ഗ്രൂപ്പില്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്. എന്നാല്‍, ശബ്ദ സന്ദേശം പുറത്തായതോടെ ഇടപെട്ട പാര്‍ട്ടി ആനി ബാബു ഡല്‍ഹിക്ക് പോകണ്ടതില്ല എന്ന തീരുമാനത്തിലാണ്. ഇതേ തുടര്‍ന്ന് താന്‍ പോകുന്നില്ലെന്നും ആരും ഇതിലേക്ക് പണം പിരിക്കേണ്ട എന്നുമുള്ള മെസേജും പുറത്തായി.

Signature-ad

അതേസമയം, ആനി ബാബു പിരിച്ചു നല്‍കണം എന്ന് പറഞ്ഞത് സംഘടനയ്ക്ക് വേണ്ടിയാണ് എന്നും അവരുടെ യാത്ര ചെലവിനു വേണ്ടിയല്ലെന്നും സി.പി.ഐ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ഒരു രൂപ പോലും ആരുടെ പക്കല്‍നിന്നും പിരിചെടുത്തിട്ടില്ല എന്നും നേതൃത്വം പറയുന്നു. ഇക്കാര്യത്തില്‍ ആണി ബാബു ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളോട് പണം ആവശ്യപ്പെട്ട ആനി ബാബു രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

Back to top button
error: