Health

പ്രമേഹവും ഓർമക്കുറവുമുണ്ടോ…? വീട്ടുമുറ്റത്ത് ഒരു പാഷൻ ഫ്രൂട്ട് നട്ടുവളർത്തൂ

ഡോ.വേണു തോന്നക്കൽ

നിങ്ങളുടെ വീട്ടിൽ ഒരു പാഷൻ ഫ്രൂട്ട് (Passion fruit) ചെടിയുണ്ടോ? ഉത്തരം ഉണ്ട് എന്നാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. വീട്ടിൽ പ്രായമായവരുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇത്തരമൊരു ചെടി നട്ടു നനക്കേണ്ടതാണ്.

Signature-ad

അത്രകണ്ട് പോഷകസമൃദ്ധമാണ് നാം നിസ്സാരമായി കാണുന്ന ചെറുനാരങ്ങയുടെ ആകൃതിയിലും നിറത്തിലും വലിപ്പത്തിലും ഉള്ള ഈ പഴം. ഇത് ജീവകം സി യുടെ നല്ല ഒരു സ്രോതസ്സാണ്. കൂടാതെ ജീവകം ഏ, ജീവകം ബി കോംപ്ലക്സ്, പോളി ഫിനോലുകൾ തുടങ്ങിയ ഫൈറ്റോ കെമിക്കലുകൾ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, നാരു ഘടകം തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നു.

ഇതിലുള്ള ഹോളിഫീനോലുകൾ നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കൂടുതൽ മെച്ചപ്പെടുത്തുന്നു. രക്തത്തിൽ പഞ്ചസാരയുടെ അമിത വർദ്ധന തടയുന്നു. മാത്രമല്ല ഇതര പഴങ്ങളെ അപേക്ഷിച്ച് പഞ്ചസാരയുടെ അളവ് പാഷൻ ഫ്രൂട്ടിൽ വളരെ കുറവാണ്. ഗ്ലൈസീമിക് ഇൻഡക്സ് 30 (Glycemic index 30) ആണ് . അറിയുക, പാകം ചെയ്ത ചോറിനു പോലും ഗ്ലൈസീമിക് ഇൻഡക്സ് 72 ആണ്. കൂടാതെ ഇതിലെ നാര് ഘടകം ഭക്ഷണത്തിൽ നിന്നും പഞ്ചസാരയുടെ ആഗിരണ വേഗത കുറയ്ക്കുന്നു. തന്മൂലം പ്രമേഹ രോഗികൾ തീർച്ചയായും കഴിക്കേണ്ട ഒരു പഴമാണ് ഇത്. പ്രായമായവരിലും അൽഷൈമേഴ്സ് (Alzheimer’s ) രോഗികളിലും കണ്ടുവരുന്ന ഓർമ്മക്കുറവിനും ഈ പഴം ഒരു ആശ്വാസമാണ്.
ആധുനിക ജീവിതം മനോ സംഘർഷത്തിന്റെയും മാനസിക പിരിമുറുക്കത്തിന്റെയും കൂടിയാണ്. പാഷൻ ഫ്രൂട്ടിലെ ചില ജൈവ തന്മാത്രകൾ അതിൽ നിന്ന് ഒരു മോചനം വാഗ്ദാനം ചെയ്യുന്നു.
നമ്മുടെ പ്രതിരോധശേഷി പൂർവാധികം മെച്ചപ്പെടുത്തി നിലനിർത്താൻ കൂടി ഇത് സഹായിക്കുന്നു. നാഡികൾ, പേശികൾ എന്നിവയുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും പാഷൻ പഴം നന്നാണ്. ഇതിലൊക്കെയുപരിയായി ചിലതരം അർബുദ രോഗങ്ങളെ ഇവ അകറ്റുന്നു എന്ന അറിവും ഇവിടെ പങ്കു വക്കുകയാണ് ഞാൻ.
പഴത്തിന്റെ പുറത്തുള്ള കട്ടിയുള്ള തോട് പൊട്ടിച്ച് കാണുന്ന പൾപ്പ് (pulp)നേരിട്ടോ പാനീയം ആക്കിയോ കഴിക്കാവുന്നതാണ്. ഐസും പഞ്ചസാരയും ഒഴിവാക്കുന്നതാണ് അഭികാമ്യം.
ഇത് ഒരു വള്ളിച്ചെടി ആകയാൽ പറമ്പിലെ മരത്തിൽ വളർത്താവുന്നതാണ്. യാതൊരു പരിചരണവും വേണ്ടതില്ല. പറമ്പില്ലാത്തവർക്ക് ചെടിച്ചട്ടിയിൽ വീടിൻറെ മേൽക്കൂരയിലോ മട്ടുപ്പാവിലോ മതിലിലോ വളർത്താം. കാഴ്ചയ്ക്ക് അലങ്കാരവും ആയിരിക്കും.
പാസിഫ്ലോറ എഡുലിസ് (Passiflora edulis)എന്നാണ് ശാസ്ത്രനാമം. തെക്കേ അമേരിക്കയാണ് സ്വദേശം .

Back to top button
error: