തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം ഭാരവാഹികളില്‍ നിന്ന് ഈടാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. 5.2 കോടി രൂപയുടെ നഷ്ടമാണ് ഈടാക്കുക. നടപടികളുടെ പുരോഗതി 15 ദിവസത്തിനുള്ളില്‍ കോടതിയെ അറിയിക്കും.
ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിന്റെയും പി.എഫ്.ഐയുടെയും പേരിലുള്ള ഭൂസ്വത്ത് വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇവയുടെ പരിശോധനകള്‍ പൂര്‍ത്തിയാകുന്നതോടെ അടുത്ത ദിവസം തന്നെ ജപ്തി തുടങ്ങാനാണ് ശ്രമം.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാരവാഹികളുടെ അറസ്റ്റിന് പിന്നാലെയാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേസിലെ പ്രതികളില്‍ നിന്ന് സര്‍ക്കാരിനുണ്ടായ നഷ്ടം ഈടാക്കുന്നതില്‍ കാലതാമസമുണ്ടായെന്നാരോപിച്ച് സര്‍ക്കാരിനെ ഹൈക്കോടതി താക്കീത് ചെയ്തിരുന്നു. തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ഹാജരായി മാപ്പു പറയുകയും ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചപ്പോള്‍ ഭാരവാഹികളില്‍ പ്രമുഖരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ സംഘടനയുടെ ആസ്തികള്‍ കണ്ടുകെട്ടാനും അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിരുന്നു. എന്‍.ഐ.എ കണ്ടുകെട്ടാത്ത ആസ്തികളാകും സംസ്ഥാന സര്‍ക്കാര്‍ ജപ്തി ചെയ്യുക.