KeralaNEWS

തെറ്റായ പ്രവണതകള്‍ക്കെതിരേ ഉള്‍പ്പാര്‍ട്ടി സമരം നടക്കും, സ്വാഭാവികം; ആരോപണം നിഷേധിക്കാതെ പി. ജയരാജന്‍

കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം നിഷേധിക്കാതെ സംസ്ഥാന സമിതി അംഗം പി. ജയരാജന്‍. ഇ.പി. ജയരാജനെതിരെ ആക്ഷേപം ഉന്നയിച്ചോ എന്നതില്‍ വ്യക്തമായ മറുപടിയില്ല. ഇ.പി. ജയരാജന്‍ അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. നാട്ടില്‍ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ചൊക്കെ അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുകയെന്നും താന്‍ ആ പ്രദേശത്ത് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ആക്ഷേപം സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കാറില്ല. പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ ചര്‍ച്ച നടക്കാറുണ്ട്. സമൂഹത്തിലെ ജീര്‍ണത സി.പി.എമ്മിലും നുഴഞ്ഞുകയറുന്നുണ്ട്. കമ്മറ്റിയില്‍ എന്തു നടന്നെന്ന് മാധ്യമങ്ങളോട് പങ്കുവയ്ക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

Signature-ad

”സി.പി.എമ്മിന്റെ സംസ്ഥാന കമ്മറ്റി യോഗം നടന്നു കഴിഞ്ഞാല്‍ ഇത്തരത്തില്‍ തെറ്റായ വാര്‍ത്തകള്‍ പതിവുള്ളതാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കവും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ ജനങ്ങളെ അണിനിരത്താന്‍ ആഹ്വാനം ചെയ്യാനുമാണ് യോഗത്തില്‍ തീരുമാനിച്ചത്. സി.പി.എം കോണ്‍ഗ്രസിലെപ്പോലെയോ ബി.ജെ.പിയെപ്പോലെയോ ഉള്ള പാര്‍ട്ടിയല്ല. അത് അടിമുതല്‍ മുടിവരെ സേവനം മാത്രം ലക്ഷ്യമിട്ടുള്ള പാര്‍ട്ടിയാണ്. കേഡര്‍മാരൊക്കെയുള്ള പാര്‍ട്ടിയാണ്. സമൂഹത്തിലെ പല തെറ്റായ പ്രവണതകളും പാര്‍ട്ടി കേഡര്‍മാരിലേക്കു വരും. അതിനനുസരിച്ചുള്ള തെറ്റു തിരുത്തല്‍ രേഖയാണ് സംസ്ഥാന കമ്മറ്റി അംഗീകരിച്ചിട്ടുള്ളത്. തെറ്റുതിരുത്തല്‍ രേഖയുടെ ഭാഗമായി സ്വാഭാവികമായി തെറ്റായപ്രവണതകളെക്കുറിച്ച് പറയുകയെന്നല്ലാതെ വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല സംസ്ഥാന കമ്മിറ്റിയോഗം നടക്കുന്നത്.

തെറ്റായ പ്രണതകള്‍ക്കെതിരായ ഉള്‍പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കും. പാര്‍ട്ടി യോഗത്തില്‍ നിരവധി പേര്‍ സംസാരിച്ചിട്ടുണ്ട്. അതെല്ലാം മാധ്യമങ്ങളുമായി പങ്കുവയ്ക്കാറില്ല. പാര്‍ട്ടി എടുത്ത തീരുമാനങ്ങളാണ് ജനങ്ങളും മാധ്യമങ്ങളുമായി പങ്കുവയ്ക്കാറ്. അത് പാര്‍ട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ജീര്‍ണ്ണത സി.പി.എമ്മിനകത്തും നുഴഞ്ഞുകയറും. അത്തരം തെറ്റായപ്രവണതകള്‍ക്കെതിരെയുള്ള സമരം പാര്‍ട്ടിക്ക് അകത്ത് നടത്തണം എന്നാണ് തെറ്റുതിരുത്തല്‍ രേഖയുടെ സാരാംശം. പാര്‍ട്ടി വലതുപക്ഷ വ്യതിയാനത്തിലേക്ക് പോകുന്നു എന്ന തരത്തില്‍ യാതൊരു ചര്‍ച്ചയും ഉണ്ടായിട്ടില്ല. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇനി കേരളത്തിലെ പാര്‍ട്ടിയില്‍ ഉണ്ടാകും” ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ ഭാഗമായി അനധികൃത സ്വത്തുസമ്പാദനം നടത്തിയെന്ന് പി.ജയരാജന്‍ ഇ.പി.ജയരാജനെതിരെ സംസ്ഥാന സമിതിയില്‍ ആരോപണം ഉന്നയിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി.ജയരാജന്‍ ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴാണ് പി.ജയരാജന്‍ ആരോപണം ഉന്നയിച്ചത്.

Back to top button
error: