ഗൾഫ് രാജ്യങ്ങളെ തുടരെത്തുടരെ ആക്രമിച്ച് ഇറാൻ, ആക്രമണത്തിൽ 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം

ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാകുന്നു, ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. കൂടാതെ ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരേയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി.
ഇതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു.
അതേസമയം ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമാണ്. ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ 2 പേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്.
യുദ്ധം 9 ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ ഇതുവരെ 1332 പേരാണു കൊല്ലപ്പെട്ടത്. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു.






