എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു!! ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും- ഇറാൻ പ്രസിഡന്റ്

ടെഹ്റാൻ: അയൽരാജ്യങ്ങളോടുള്ള അനുനയ നിലപാടിൽ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കഴിഞ്ഞ ദിവസം അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.
‘‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല. സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’’ – ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു.
അതേസമയം ഇന്നലെ നടത്തിയ പ്രസ്താവനയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് താൻ വ്യക്തിപരമായും രാജ്യത്തിനു വേണ്ടിയും ക്ഷമ ചോദിക്കുന്നു എന്നാണ് മസൂദ് പെസഷ്കിയാൻ പറഞ്ഞത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ നേതൃത്വം തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ ശത്രുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ ജുഡീഷ്യറി ചീഫ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഇറാൻ നിരുപാധികം കീഴടങ്ങണം എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം മസൂദ് പെസഷ്കിയാൻ തള്ളിക്കളഞ്ഞു. ഇതിന് മറുപടിയായി, കീഴടങ്ങാൻ ആരും ബാക്കിയുണ്ടാവാത്ത വിധം തിരിച്ചടി നൽകുമെന്ന് ട്രംപും ഭീഷണിപ്പെടുത്തി. നിലവിൽ ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ തുടരുകയാണ്. ദുബായ് മറീനയിലെ പ്രശസ്തമായ റസിഡൻഷ്യൽ ടവറിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് തീപിടിത്തമുണ്ടായി.






