കാര്യവട്ടത്ത് കിവീസിലൂടെ തുടങ്ങിയ അപമാനത്തിനും തഴയലിനും കിവീസിൽകൂടിത്തന്നെ കണക്കുതീർത്ത് മലയാളി താരം!! അഞ്ച് കളിയിലൂടെ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’, കോലിയുടെ 12 വർഷം ടി20 ലോകകപ്പ് റെക്കോർഡ് തകർത്തു, സിക്സർ- 24

അഹമ്മാദാബാദ്: പ്രതികാരം അത് വീട്ടാനുള്ളതാണ് അത് സ്വന്തമാണെങ്കിലും എതിരാളിയാണെങ്കിലും. 36 ദിവസം മുൻപ് തഴയപ്പെട്ട് ലോകകപ്പ് വേദിയിൽ ഒരു കളിയിലെങ്കിലും ഇറങ്ങാനാവില്ലെന്ന് പ്രതീക്ഷിച്ചിടത്തുനിന്ന് ടി 20 ലോകകപ്പ് 2026 ന്റെ താരമായി സഞ്ജു സാംസൺ. വെറും അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് നേടിയാണ് മലയാളി താരം നേടിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്നാണ് ലോകകപ്പ് ഇലവനിൽ നിന്ന് പുറത്തായത്.
പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരാജയത്തിനു ശേഷം ടീമിൽ ഇടംപിടിച്ച സഞ്ജു തുടർച്ചയായ മൂന്ന് വെടിക്കെട്ട് ഫിഫ്റ്റികളും നേടി. ഫൈനലിൽ 46 പന്തിൽ അഞ്ച് ഫോറുകളും എട്ട് സിക്‌സറുകളും സഹിതം 89 റൺസാണ് താരം നേടിയത്.
അതേസമയം മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ ടി20 ലോകകപ്പ് റെക്കോർഡും സഞ്ജു തകർത്തു. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരൻ എന്ന റെക്കോർഡ് ആണ് കോഹ്ലിയെ മറികടന്ന് സഞ്ജു നേടിയത്. 2014 ടി20 ലോകകപ്പിൽ കോഹ്ലി നേടിയ 319 റൺസ് ആണ് അഞ്ചു മത്സരത്തിലൂടെ പഴങ്കഥയായത്. ഈ ലോകകപ്പിൽ സഞ്ജു 321 റൺസ് ആണ് നേടിയത്. ഇഷാൻ കിഷനു റെക്കോർഡ് തകർക്കാനുള്ള അവസരം രണ്ട് റൺസ് അകലെവച്ചാണ്. നഷ്ടമായത്. ഈ ലോകകപ്പിൽ ഇതുവരെ 317 റൺസാണ് ഇഷാൻ നേടിയത്. 25 പന്തിൽ നാല് ഫോറുകളും അത്രയും സിക്‌സുകളും സഹിതം 54 റൺസ് ആണ് താരം തന്റെ പേരിൽ ചേർത്തത്. ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ എന്ന റെക്കോർഡും സാംസൺ സ്വന്തമാക്കി.
2016 ലെ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 85 റൺസ് നേടിയ മാർലോൺ സാമുവൽസിന്റെ 10 വർഷം പഴക്കമുള്ള റെക്കോർഡ് ആണ് സാംസൺ തിരുത്തി കുറിച്ചത്. അതുപോലെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരവും സഞ്ജുവായി. അഞ്ച് കളിയിൽ നിന്ന് 24 സിക്സറുകളാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.






