ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു.
മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്, കന്നിക്കിരീടം തേടിയെത്തിയ കിവീസ് രണ്ടാം ഫൈനല്‍ തോല്‍വിയാണ്. 2021 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടായിരുന്നു ന്യൂസീലന്‍ഡിന്റെ തോല്‍വി.
ഫൈനലില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ ചേസ് ചെയ്യാനിറങ്ങിയ ന്യൂസീലന്‍ഡിന് തുടക്കം മുതല്‍ പിഴച്ചു. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് ആദ്യ മൂന്നു വിക്കറ്റും നഷ്ടമായി. മൂന്നാം ഓവറില്‍, . സെമിഫൈനലിലെ സെഞ്ചറി വീരനായ ഓപ്പണര്‍ ഫിന്‍ അലന്‍ (7 പന്തില്‍ 9) ആണ് ആദ്യം വീണത്. അക്ഷര്‍ പട്ടേല്‍, തിലക് വര്‍മയുടെ കൈകളില്‍ എത്തിച്ചാണ് അലനെ പുറത്താക്കിയത്. ഒന്നാം വിക്കറ്റില്‍ ടിം സെയ്ഫര്‍ട്ട് ഫിന്‍ അലന്‍ സഖ്യം 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. തൊട്ടടുത്ത ഓവറില്‍ മറ്റൊരു ‘ലോക്കല്‍ ബോയ്’ ജസ്പ്രീത് ബുമ്രയുടെ ബോളില്‍ ഇഷാന്‍ കിഷന്റെ കിടിലന്‍ ക്യാച്ചില്‍ രചിന്‍ രവീന്ദ്ര (2 പന്തില്‍ 1) രചിന്‍ പുറത്തായി. പവര്‍പ്ലേ അവസാനിക്കും മുന്‍പ് തന്നെ അക്ഷര്‍ അടുത്ത പ്രഹരവും കിവീസിനു നല്‍കി. അഞ്ചാം ഓവറില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ ബൗള്‍ണ്ടാക്കിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന് 52 എന്ന നിലയിലേക്കു വീണു കിവീസ്.
നാലാം വിക്കറ്റില്‍ ഒന്നിച്ച, ടീം സെയ്ഫര്‍ട്ട് മാര്‍ക് ചാപ്മാന്‍ സഖ്യം ന്യൂസീലന്‍ഡിനെ കരകയറ്റാന്‍ നോക്കിയെങ്കിലും എട്ടാം ഓവറില്‍ ചാപ്മാനെ (8 പന്തില്‍ 3) ബൗള്‍ഡാക്കി ഹാര്‍ദിക് കിവീസിനു അടുത്ത പ്രഹരം നല്‍കി. അര്‍ധസെഞ്ചറിയുമായി ഒരറ്റത്ത് ന്യൂസീലന്‍ഡിനെ ‘സേഫ്’ ആക്കാന്‍ നോക്കിയ സെയ്ഫര്‍ട്ടിനെ തൊട്ടടുത്ത ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്റെ കൈകളിലും എത്തിച്ചു. ബൗണ്ടറി ലൈനില്‍ ഇഷാന്‍ കിടിലന്‍ ക്യാച്ച്. ആറാം വിക്കറ്റില്‍ ഒന്നിച്ച ഡാരില്‍ മിച്ചല്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സഖ്യമാണ് കിവീസിനെ വലിയ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 52 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വിജയത്തിലേക്ക് ആ ബാറ്റിങ് മതിയാകുമായിരുന്നില്ല.
കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തു. കിരീടത്തിനായി ന്യൂസീലന്‍ഡിനു ലക്ഷ്യം 256. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ്‍ (46 പന്തില്‍ 89) ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും അര്‍ധസെഞ്ചറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് (8 പന്തില്‍ 26*) ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. രണ്ടു സിക്‌സും മൂന്നു ഫോറും സഹിതം 24 റണ്‍സാണ് 20ാം ഓവറില്‍ ദുബെ അടിച്ചുകൂട്ടിയത്.
ഓപ്പണര്‍മാര്‍ ചേര്‍ന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നല്‍കിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും. ട്വന്റി20 ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളില്‍ സ്‌കോര്‍ നേടുന്നത്. 2009 ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന്‍ താരങ്ങളായ കമ്രാന്‍ അക്മലും ഷഹസൈബ് ഹസനും ചേര്‍ന്ന് നേടിയ 48 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ട്. പവര്‍പ്ലേ അവസാനിക്കും മുന്‍പു തന്നെ അഭിഷേക് ശര്‍മ 18 പന്തില്‍ അര്‍ധസെഞ്ചറി കുറിച്ചു.
മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളില്‍ താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണര്‍മാരും കത്തിക്കയറി. മൂന്നാം ഓവറില്‍ 15 റണ്ഡസ് നേടിയപ്പോള്‍, ലോക്കി ഫെര്‍ഗൂണ്‍ എറിഞ്ഞ നാലാ ഓവറില്‍ 24 റണ്‍സാണ് അഭിഷേകും സഞ്ജുവും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറില്‍ 21 റണ്‍സും ആറാം ഓവറില്‍ 20 റണ്‍സും പിറന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജുവും അഭിഷേകും ചേര്‍ന്ന് 98 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ അഭിഷേകിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് കൂട്ടുകെട്ട് പൊളിച്ചത്. ഒരിക്കല്‍ കൂടി സ്പിന്‍ കെണിയില്‍ അഭിഷേക് വീണു.
രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അക്ഷരാര്‍ഥത്തില്‍ കത്തിക്കയറി. 7.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്. 11ാം ഓവറില്‍ 33 പന്തില്‍ മൂന്നു സിക്‌സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അര്‍ധസെഞ്ചറി തികച്ചത്. ലോകകപ്പില്‍ സഞ്ജുവിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചറിയാണിത്. ഇതിനുശേഷവും സഞ്ജു കത്തിക്കയറി. 14ാം ഓവറില്‍ രചിന്‍ രവീന്ദ്രയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്നു പന്തുകളില്‍ സഞ്ജു സിക്‌സര്‍ നേടി. ഈ ഇന്നിങ്‌സിലാകെ 8 സിക്‌സര്‍ നേടിയ സഞ്ജുവിന്റെ ടൂര്‍മെന്റുകള്‍ സിക്‌സുകളുടെ എണ്ണം 24 ആയി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന് സിക്‌സര്‍ വേട്ടക്കാരന്‍.
എന്നാല്‍ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റണ്‍സകലെ സഞ്ജുവിന് നഷ്ടമായി. 16ാം ഓവറില്‍ ജിമ്മി നീഷമാണ് സഞ്ജുവിനെ കോള്‍ മകോന്‍കീയുടെ കൈകളില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും ഇന്ത്യന്‍ സ്‌കോര്‍ 203ല്‍ എത്തിയിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഇഷാനും ചേര്‍ന്ന് 105 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതേ ഓവറില്‍ ഇഷാനും ഗോള്‍ഡന്‍ ഡക്കായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ (13 പന്തില്‍ 18) 19ാം ഓവറില്‍ മാറ്റ് ഹെന്റിയും പുറത്താക്കി. തിലക് വര്‍മയെ (6 പന്തില്‍ 8) കാഴ്ചക്കാരനായി അവസാന ഓവറില്‍ തകര്‍ത്തടിച്ച ശിവം ദുബെയാണ് സ്‌കോര്‍ 250 കടത്തിയത്.






